
തിരവനന്തപുരം: വഞ്ചിയൂർ ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാലയിലെ ജീവനക്കാരുടെ ശമ്പള പ്രശ്നം ഒത്തുതീർപ്പായി. ഏഴ് മാസമായി മുടങ്ങിയിരുന്ന ശമ്പളം ഗ്രന്ഥശാലയുടെ ചുമതലയുള്ള 'ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല ട്രസ്റ്റ് ' കഴിഞ്ഞദിവസം നൽകിയതോടെ സമരം അവസാനിപ്പിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. കൊവിഡിന്റെ മറവിൽ ഗ്രന്ഥശാലയിലെ ഏഴ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാതായതോടെ ബുദ്ധിമുട്ടിലായ ജീവനക്കാരുടെ പ്രയാസം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ശമ്പള വർദ്ധന അടക്കമുള്ള കാര്യങ്ങൾ ആറ് മാസത്തിനുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും ട്രസ്റ്റ് ഉറപ്പുനൽകിയതായി ലൈബ്രേറിയൻ ഹരിദാസ് പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സമിതിയുമായി ട്രസ്റ്റ് നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കാലങ്ങളായി ഗ്രന്ഥശാല അടച്ചിട്ട ട്രസ്റ്റ് നടപടി വാർത്തയായതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്.
അന്വേഷണത്തിന് ഉത്തരവിട്ടു
ഗ്രന്ഥശാല കാരണമില്ലാതെ അടച്ചിട്ട നടപടി വിവാദമായതോടെ സാംസ്കാരിക വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ട്രസ്റ്റ് അംഗങ്ങളിൽ പ്രധാനികളായ മൂന്ന് പേർ ട്രസ്റ്റ് പ്രസിഡന്റിന് രാജിക്കത്തും കൈമാറി. ഗ്രന്ഥശാലയിലെ അമൂല്യ ഗ്രന്ഥശേഖരത്തെ ആധുനിക രീതിയിൽ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കാനുള്ള ശ്രമവും ഉടൻ ആരംഭിക്കും.