
പാലോട്: കാർഷിക സംസ്‌കൃതിയുടെ ഓർമ്മകൾ പങ്കുവച്ച് 58 -ാമത് പാലോട് മേള സമാപിച്ചു. കർഷകരുടെ ആവശ്യപ്രകാരം മേളയുടെ ഭാഗമായുള്ള കാളച്ചന്ത രണ്ടു ദിവസം കൂടി നീട്ടാൻ സംഘാടക സമിതി തീരുമാനിച്ചു. കുടിമാടുകളും പോത്തുകുട്ടികളും വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് ഇക്കുറിയും നിരവധി കർഷകരാണ് എത്തുന്നത്. പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന - ബെല്ലാരി പോത്തുകുട്ടികൾ എന്നിവയും വില്പനയ്ക്കുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം 10 ദിവസത്തെ കാളച്ചന്തയും മേളയും ഇത്തവണ ഒരാഴ്ചയായി ചുരുക്കിയിരുന്നു. തിരക്ക് ഒഴിവാക്കാൻ കാർണിവലും പ്രദർശന - വിപണന സ്റ്റാളുകളും റദ്ദാക്കി. പൊലീസ് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. മേള കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. ജോൺകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം അഡ്വ.ഡി.കെ. മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. മാതൃകാ കർഷകരായ റോബിൻസൺ, പ്രഭാകരൻ, വിത്സൻ, ഗോപിനാഥൻ നായർ, സാജിലാ ബീവി എന്നിവരെയും മേള സംഘാടക സമിതിയിലെ മുതിർന്ന ഭാരവാഹികളായ എം.എം. സലിം, എം.പി. വേണുകുമാർ എന്നിവരെയും ആദരിച്ചു. ചിത്രരചനാ- കഥ പറയൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ എന്നിവർ പ്രസംഗിച്ചു. മേള ചെയർമാൻ എം. ഷിറാസ്ഖാൻ സ്വാഗതവും ട്രഷറർ വി.എസ്. പ്രമോദ് നന്ദിയും പറഞ്ഞു.