ib

കാട്ടാക്കട: ആമച്ചൽ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ സ്ത്രീ സൗഹൃദ വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രം, മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടം, നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ, ടോയ്ലെറ്റ്, സോളാർ ലൈറ്റുകൾ, ഫാനുകൾ, ബഞ്ചുകൾ എന്നീ സജ്ജീകരണങ്ങൾ ഉണ്ട്. കുടുംബശ്രീ യൂണിറ്റ് നടത്തുന്ന കടമുറിയും ഇതിന്റെ ഭാഗമായുണ്ട്. കേന്ദ്രത്തിന്റെ പരിപാലനം കുടുംബശ്രീ യൂണിറ്റാണ് നിർവഹിക്കുന്നത്. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ. സുനിത, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത കുമാരി, വാർഡ് മെമ്പർ ശ്യാം, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശാന്തകുമാർ എന്നിവർ പങ്കെടുത്തു.