kdvr

അഞ്ചുതെങ്ങ്: കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അഞ്ചുതെങ്ങ് തീരദേശവാസികളുടെ ചിരകാല സ്വപ്നമായ വാക്കം കുളം ശുദ്ധജല വിതരണപദ്ധതി അധികൃതരുടെ അവഗണനയാൽ പാതിവഴിയിൽ. നാലുവർഷം മുമ്പ് ലോകബാങ്ക് സഹായത്തോടെ 1.25 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. അഞ്ച് മുതൽ ഏഴ് വരെയുള്ള വാർഡുകളിൽ നേരിട്ടും 11,​ 12 വാർഡുകളിൽ മുഖ്യമായും കുടിവെള്ളം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പണിതുടങ്ങി പകുതിയായതിനുശേഷമാണ് മണ്ണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടെ പൂഴിമണ്ണാണെന്ന് കണ്ടെത്തി. കുളത്തിൽ ആഴത്തിൽ പൈലിംഗ് നടത്തിയാൽ മാത്രമേ സംഭരണികൾ സ്ഥാപിക്കാൻ കഴിയുള്ളൂ. കോടികൾ വീണ്ടും ചെലവഴിക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് മറ്റൊരു സ്ഥലം കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. ഇതിനായി തൊട്ടടുത്ത് റവന്യൂ ഏറ്റെടുത്ത സുനാമി കോളനിയിൽ വെറുതെ കിടക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് അധികൃതർ കളക്ടറേയും മന്ത്രിയെയും സമീപിച്ചെങ്കിലും ഫയൽ ഇപ്പോൾ സെക്രട്ടേറിയറ്റിലെ എൽ.എസ്.ജി.ഡി വിഭാഗത്തിന്റെ ഫയലിൽ സുരക്ഷിതമാണ്. നിലവിൽ കുളം വൃത്തിയാക്കി കുളത്തിനു ചുറ്റും കമ്പിവേലി സ്ഥാപിച്ചത് മാത്രമാണ് നടന്നിട്ടുള്ളത്. ജലശുദ്ധീകരണമടക്കം നടത്തി പൈപ്പിലൂടെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ മൂന്ന് ജലസംഭരണികളും സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രമേ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ. കടുത്ത വേനൽ ആരംഭിക്കുന്നതിനുമുമ്പ് പദ്ധതി പൂർത്തീകരിക്കനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് അഞ്ചുതെങ്ങ് നിവാസികളുടെ ആവശ്യം.

പദ്ധതി ഇങ്ങനെ

ഒന്നാംഘട്ടം:- കുളം വൃത്തിയാക്കി പാർശ്വഭിത്തി കെട്ടി സംരക്ഷണം നൽകുക

രണ്ടാംഘട്ടം:- മൂന്ന് ജലസംഭരണികൾ സ്ഥാപിച്ച് വെള്ളം ബ്ലീച്ച് ചെയ്ത് ഫിൽറ്റർ ചെയ്ത് ശേഖരിച്ച് വിതരണം ചെയ്യുക