
തിരുവനന്തപുരം: താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ ഈ സർക്കാർ നയമായി പ്രഖ്യാപിച്ചതോടെ വിവിധ സ്ഥാപനങ്ങളിൽ അനധികൃത നിയമനം നേടിയവർ അതു മുതലെടുക്കുന്നു.
പത്തു വർഷം സർവീസില്ലാത്ത നൂറോളം ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് സർക്കാരിന് ശുപാർശ നൽകി. ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗത്തിൽ പരിഗണിക്കുമെന്നാണ് വിവരം. മിക്കവരും ഈ സർക്കാരിന്റെ കാലത്ത് ജോലിയിൽ കയറിയവരാണ്.
ആർക്കും പത്ത് വർഷത്തെ സർവീസില്ല.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെയും അതിന് മുമ്പ് വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെയും കാലത്ത് നിയമിതരായ മുപ്പതോളം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷം ജോലിയിലെടുത്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്.
ഒരുകുടുംബത്തിലെ
ഏഴു പേർ പട്ടികയിൽ
റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) അനധികൃതമായി 47 പേരെ സ്ഥിരപ്പെടുത്താൻ ശ്രമം. പ്രോജക്ടുകളുടെ ഭാഗമായി ഡോക്ടർമാർ നിയോഗിച്ച ഇഷ്ടക്കാരും ബന്ധുക്കളുമാണ് ഇടം പിടിച്ചിരിക്കുന്നത്. 10വർഷം പൂർത്തിയാക്കിയ 11 ദിവസ വേതന ജീവനക്കാരുണ്ട്. ഇവർക്കൊപ്പമാണ് 47പേരെ തിരുകിക്കയറ്റിയത്. ഇതിൽ ഏഴ് പേർ ഒരു കുടുംബത്തിലുള്ളവരാണ്. ട്യൂമർ രജിസ്ട്രി മേധാവിയുടെ ഉറ്റബന്ധുക്കളാണിവർ. തസ്തിക ഇല്ലാതിരിക്കേയാണ് ഇവരെ സ്ഥിരപ്പെടുത്തുന്നത്.
മേധാവി അറിയാതെ
തസ്തിക ശുപാർശ
ഭൂജല വകുപ്പിൽ സീനിയർ ജിയോഫിസിസ്റ്റ്, സൂപ്രണ്ടിംഗ് ജിയോഫിസിസ്റ്റ് എന്നീ രണ്ടു ഉയർന്ന തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ. വകുപ്പ് തലവന്റെ ശുപാർശയില്ലാതെയാണ് ചില ഉന്നതർ ഇതിന് നീക്കം നടത്തുന്നത്. വേണ്ടപ്പെട്ട ചിലർക്ക് പ്രമോഷൻ കിട്ടാൻ വേണ്ടിയാണെന്ന് വിമർശനമുണ്ട്. ഈ തസ്തിക സൃഷ്ടിച്ചാൽ പ്രതിവർഷം 30 ലക്ഷം രൂപ സർക്കാരിന് അധിക ചെലവ് വരും.
ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ഹൈഡ്രോളജി പ്രോജക്ടിന്റെ നടത്തിപ്പിനായി താത്കാലികമായി സൃഷ്ടിച്ചിട്ടുള്ള തസ്തികയാണ് ജിയോഫിസിസ്റ്റ്. പലപ്പോഴും ഇവർ ജിയോളജിസ്റ്റുകളുടെ അസിസ്റ്റൻഡ് എന്ന നിലയ്ക്കാണ് പ്രവർത്തിക്കുന്നത്.
വിജിലൻസ് വെട്ടിയിട്ടും
വഴങ്ങാതെ
താത്ക്കാലിക നിയമനത്തിന് അർഹരല്ലെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയ പത്ത് പേരെ ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ.എം.എസ്.സി.എൽ) സ്ഥിരപ്പെടുത്താൻ നീക്കം.
കിറ്റ്കോ വഴി പരീക്ഷ നടത്തി കെ.എം.എസ്.സി.എല്ലിൽ താത്ക്കാലികമായി നിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് മറികടന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരള ഫാമിലി ഹെൽത്ത് ആൻഡ് വെൽഫയർ പ്രത്യേക പരീക്ഷ നടത്തിയാണ് ഈ പത്തുപേരെ നിയമിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.
ഏഴ് അസിസ്റ്റന്റുമാർ,ഒരു കാഷ്യർ, രണ്ട് പ്യൂൺ എന്നിവരുടെ നിയമനം റദ്ദാക്കണമെന്ന് 2017ൽ വിജിലൻസ് നിർദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഫയൽ പൂഴ്ത്തിവച്ചാണ് ഇവർ ജോലിയിൽ തുടർന്നത്.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ പത്ത് വർഷമായി ജോലിചെയ്യുന്ന നൂറ്റമ്പതോളം ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും തകൃതിയാണ്.
ചെയർമാന്റെ മകന് നിയമനം:
ന്യായീകരിച്ച് എൽ.പി.എസ്.സി
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചെയർമാന്റെ മകന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളെ നിഷേധിച്ച് വിശദീകരണവുമായി വലിയമലയിലെ എൽ.പി.എസ്.സി. ഐ.എസ്.ആർ.ഒ.യിൽ പാലിച്ചുവരുന്ന നടപടിക്രമങ്ങളിൽ ഒരുവിട്ടുവീഴ്ചയും നടത്താതെയാണ് നിയമനങ്ങൾ നടത്തിയതെന്ന് പറയുന്നു. ഐ.എസ്.ആർ.ഒ. ചെയർമാന്റെ മകന്റെ നിയമനത്തെ പേരെടുത്ത് പരാമർശിക്കാതെയാണ് വിശദീകരണം. ഐ.ഐ.എസ്.ടി, കാമ്പസ് സെലക്ഷൻ,കേന്ദ്രീകൃത സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നിവയിലൂടെയുള്ള നിയമനങ്ങൾക്ക് വ്യവസ്ഥകളും ക്രമങ്ങളുമുണ്ട്. അത് പാലിച്ച് വിദഗ്ധരടങ്ങിയ കമ്മിറ്റി അഭിമുഖം നടത്തിയാണ് പെട്ടെന്നുണ്ടായ ഒഴിവുകൾ നികത്താൻ നടപടിയെടുത്തത്. പല വിഭാഗങ്ങളിലും നിയമനം നടത്തി. വി.എൽ.എസ്.ഐ.ആൻഡ് എംബഡഡ് സിസ്റ്റം വിഭാഗത്തിനു പുറമെ മെഷീൻ ഡിസൈൻ, പ്രൊപ്പൽഷൻ തുടങ്ങിയ വിഭാഗങ്ങളിലേക്ക് പി.എച്ച്.ഡി.യോഗ്യതയുള്ളവരെ എൻജിനിയർ സയിന്റിസ്റ്റ് എസ്. ഡി. തസ്തികളിലേക്കും എം.ടെക് യോഗ്യതയുള്ളവരെ സയിന്റിസ്റ്റ് എൻജിനിയർ എസ്. സി.തസ്തികളിലേക്കും നിയമിച്ചു. പ്ളംബർ,എയർകണ്ടീഷൻ, മെഷീൻ,വെൽഡർ തുടങ്ങി വിവിധ തസ്തികളിലേക്ക് ഡിപ്ളോമയുള്ളവരെ നിയമിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.