
ചിറയിൻകീഴ്: ജില്ലയിലെ ആദ്യത്തെ റഫറൽ ആശുപത്രിയെന്ന് ഊറ്റം കൊള്ളുമ്പോഴും പരാധീനതയുടെയും പരിവട്ടത്തിന്റെയും നടുവിലാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി. നിർദ്ധനരായ ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമാകേണ്ട ഈ ആശുപത്രിയിൽ അസൗകര്യങ്ങളുടെ ഒരു നീണ്ട നിരതന്നെ കാണാം.
ഉച്ചയ്ക്ക് ശേഷമുള്ള അത്യാഹിത വിഭാഗം ഒ.പിയിൽ ഒരു മെഡിക്കൽ ഓഫീസർ മാത്രമാണുള്ളത്. നൂറുകണക്കിന് രോഗികളെത്തുന്ന ആ സമയത്ത് ഒരു ഡോക്ടറുടെ കൂടെ സേവനം വേണമെന്ന് രോഗികളും നാട്ടുകാരും പറയാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ ഡോക്ടർക്ക് തന്നെ പലപ്പോഴും വാർഡിലും പോകേണ്ടി വരും. ഇത് കാത്തുനിൽക്കുന്ന രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.
ഓർത്തോ, ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി എന്നിവയുടെയെല്ലാം ശസ്ത്രക്രിയകൾ ഒരിടത്താണ് നടക്കുന്നത്. ഇതുകാരണം പല ശസ്ത്രക്രിയകൾക്കും കാലതാമസം എടുക്കുന്നുണ്ട്.
ആശുപത്രിയിൽ നിരവധി ആംബുലൻസുകളുണ്ടെങ്കിലും ആവശ്യത്തിന് ഒന്നുപോലും ലഭിക്കില്ലെന്നാണ് രോഗികളുടെ പരാതി. ഒന്നുകിൽ ആംബുലൻസുകൾ കട്ടപ്പുറത്തായിരിക്കും. അല്ലെങ്കിൽ ഡ്രൈവറടക്കമുള്ള സേവനങ്ങൾ ലഭ്യമല്ലെന്നുള്ള വിവരമായിരിക്കും പലപ്പോഴും ലഭിക്കുന്നത്.
ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. പോരാത്തതിന് ആശുപത്രി പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
ആശുപത്രിയിൽ 80 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ ആശുപത്രിയുടെ ഈ പോരായ്മകൾ കൂടി പരിഹരിച്ച് സാധാരണക്കാർക്ക് ചികിത്സ ഉറപ്പുവരുത്താൻ അധികൃതർ ശ്രമിക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.