
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ യൂത്ത് കോൺഗ്രസ്. റാങ്ക് ഹോൾഡേഴ്സിനൊപ്പം ചേരാതെ യൂത്ത് കോൺഗ്രസ് പ്രത്യേക സമരം നടത്തി പിന്തുണയ്ക്കും.
ഇതിന്റെ ഭാഗമായി എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ഇന്നലെ വൈകിട്ട് മുതൽ അനിശ്ചിതകാല സമരം തുടങ്ങി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസും രംഗത്തുവന്നത്. കുടുംബാംഗങ്ങളടക്കമുള്ളവരെ പന്തലിലെത്തിച്ചാണ് റാങ്ക് ഹോൾഡേഴ്സ് സമരത്തിന്റെ രൂപം മാറ്റിയത്.
ഇന്ന് ചേരുന്ന ക്യാബിനറ്റ് യോഗം കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുക്കുന്നതോടെ സമരത്തിന്റെ കടുപ്പം കൂടും. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും വെള്ളിയാഴ്ച രാത്രി സമരനേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയും വിജയിച്ചില്ല. പിന്നീടാണ് കെ.എസ്. ശബരീനാഥനും കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യുകുഴൽനാടനും സമരനേതാക്കളുമായി ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് ഷാഫി പറമ്പിലും ശബരീനാഥും സമരപന്തൽ സന്ദർശിച്ച ശേഷമാണ് യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
താത്കാലികക്കാരെ നിയന്ത്രണമൊന്നുമില്ലാതെ സ്ഥിരപ്പെടുത്തുക വഴി വിവാദ കുരുക്കിലാണ് സർക്കാർ. വിവാദങ്ങൾ പൊലിപ്പിച്ചാൽ യുവാക്കളുടെ പിന്തുണ ആർജ്ജിക്കാൻ കഴിയുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതീക്ഷ. അടുത്ത ദിവസങ്ങളിൽ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അതിനുള്ളിൽ സമരം പരമാവധി ശക്തമാക്കുകയാണ് ലക്ഷ്യം. യൂത്ത് കോൺഗ്രസിന്റെ കൂടുതൽ നേതാക്കൾ ഇന്നും നാളെയുമായി സമരത്തിൽ അണിചേരും. കോൺഗ്രസിന്റെ ശക്തമായ പിന്തുണയും സമരത്തിനുണ്ടാവും.
പി.എസ്.സി ലിസ്റ്റിലുള്ള മുഴുവൻ
പേർക്കും ജോലിയെന്ന് ചെന്നിത്തല
കോട്ടയം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ പി.എസ്.സി ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ജോലി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലായിൽ ഐശ്വര്യ കേരള യാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അനധികൃത നിയമനങ്ങൾ മുഴുവൻ പിൻവലിക്കും. ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവർ പങ്കുവച്ചിരുന്ന ചില ആശങ്കകൾ പരിഹരിക്കും. ഇക്കാര്യം പ്രകടന പത്രികയിലും ഉൾക്കൊള്ളിക്കും. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും വർഗീയത ആളിക്കത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആദ്യം നിലപാടെടുത്തത് കേരളത്തിൽ യു.ഡി.എഫും ദേശീയ തലത്തിൽ കോൺഗ്രസുമാണ്. നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംയുക്ത സമരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതും താനാണ്. മതന്യൂനപക്ഷ സംരക്ഷണം യു.ഡി.എഫ് അധികാരത്തിലെത്തിയാലേ നടപ്പാക്കാൻ കഴിയൂ
റാങ്ക് ഹോൾഡർ സമരം
നിരാഹാരത്തിലേക്ക്
തിരുവനന്തപുരം: സർക്കാർ ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ ശക്തമാക്കി. ഇന്നലെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ കൂട്ട ശയനപ്രദക്ഷിണം നടത്തിയപ്പോൾ പ്രതീകാത്മക വധശിക്ഷ നടപ്പാക്കിയാണ് പൊലീസ് റാങ്ക് പട്ടികയിലുള്ളവർ പ്രതിഷേധിച്ചത്.
കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് 22ാംമുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ കൂടുതൽ കുടുംബാംഗങ്ങൾ സമരത്തിനെത്തും. ഇന്നലെ രാവിലെ നടത്തിയ കൂട്ട ശയനപ്രദക്ഷിണത്തിനിടെ ലയ രാജേഷ് ഉൾപ്പെടെ മൂന്ന് വനിതാ ഉദ്യോഗാർഥികൾ ബോധരഹിതരായി. ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
സമരം ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയ്ക്ക് പോലും സർക്കാർ വിളിക്കാത്തതിൽ പ്രതിഷേധിച്ചാണ് പൊലീസ് ഉദ്യോഗാർഥികൾ പ്രതീകാത്മക വധശിക്ഷ നടപ്പാക്കി പ്രതിഷേധിച്ചത്. പിന്നോട്ട് നടന്നുള്ള സമരവും സംഘടിപ്പിച്ചിരുന്നു.
ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. സമരക്കാർ പലരും അവശരായ അവസ്ഥയിലാണ്. ഉദ്യോഗാർഥിക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ ക്രൂരമായ സൈബർ ആക്രമണം നടക്കുന്നതായി അവർ പറഞ്ഞു.