
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10ലക്ഷം കവിഞ്ഞു. ഇന്നലെ 4612 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 10,04,135 ആയി. ആദ്യ കേസ് സ്ഥിരീകരിച്ച് ഒരു വർഷവും 15 ദിവസവും പിന്നിടുമ്പോഴാണ് രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് രോഗബാധിതർ ഇരട്ടിലധികമായത്.
അഞ്ച് ലക്ഷത്തിലധികം പേർക്കാണ് ഇക്കാലയളവിൽ രോഗികളായത്. ഈ വർഷം രോഗികളിൽ രണ്ടര ലക്ഷത്തോളം പേരുടെ വർദ്ധനവാണുണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 4173 പേർ സമ്പർക്കരോഗികളാണ്. 293 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 61,843 സാമ്പിളുകളാണ് പരിശോധിച്ചത്. 7.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15 മരണവും റിപ്പോർട്ട് ചെയ്തു. 4692 പേർ രോഗമുക്തരായി.