
തിരുവനന്തപുരം: കേരളസർവകലാശാല ലൈബ്രറിയിൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദർശന സ്മരണകൾ അടയാളപ്പെടുത്തുന്നതിനായി ടാഗോർ നികേതൻ കോർണർ സജ്ജമായി. 17ന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. 1922 നവംബർ 9നാണ് ടാഗോർ കേരളത്തിലെത്തിയത്. സന്ദർശനത്തോടനുബന്ധിച്ചുള്ള സ്വീകരണം ഒരുക്കിയിരുന്നത് പാളയത്ത് സർവകലാശാല ലൈബ്രറി സ്ഥിതിചെയ്യുന്ന സ്ഥലത്താണ്. സ്വീകരണ സമ്മേളനത്തിൽ മഹാകവി കുമാരനാശാൻ രചിച്ച 'ദിവ്യ കോകിലം' എന്ന മംഗളഗീതം ആലപിച്ചത് സി. കേശവനായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ സന്ദർശനത്തിന്റെ ശാശ്വത സ്മരണ നിലനിറുത്താനായി കേരളസർവകലാശാല തീരുമാനിക്കുകയും ബഡ്ജറ്റിൽ 9,08,000 രൂപ വകയിരുത്തുകയുമായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. മഹാദേവൻപിള്ള അദ്ധ്യക്ഷത വഹിക്കും. മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, ടാഗോർ നികേതൻ കമ്മിറ്റി കൺവീനർ ഡോ. സി.എ. ലാൽ, യൂണിവേഴ്സിറ്റി ലൈബ്രറി ഇൻചാർജ് ഡോ. അജികുമാരി തുടങ്ങിയവർ പങ്കെടുക്കും.
സവിശേഷതകൾ
വിവിധ ഭാഷകളിലുള്ള ടാഗോർ കൃതികൾ, വിവർത്തനങ്ങൾ, പഠനങ്ങൾ, ടാഗോർ വരച്ച ചിത്രങ്ങൾ, ഇവയുടെ സമാഹാരങ്ങൾ, കൃതികളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ തുടങ്ങി ടാഗോർ പഠനത്തിനുതകുന്ന ഗ്രന്ഥശേഖരമാണ് ടാഗോർ നികേതനിലുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്രമുഹൂർത്തങ്ങളെയും ലോകത്തിനു സംഭാവന ചെയ്ത വിജ്ഞാന സമ്പന്നതയെയും ആധാരമാക്കി അണിയിച്ചെടുത്ത ചരിത്ര ഫലകങ്ങളും ടാഗോറിന്റെ അർദ്ധ ശില്പവും നികേതന്റെ സവിശേഷതയാണ്.