beat-

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിലെ 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കാനാവശ്യമായ തസ്തികകൾ സൃഷ്ടിച്ച് വനംവകുപ്പ് ഉത്തരവിറക്കി.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൽ പരിചിതരായ ജീവനക്കാരുടെ കുറവ് കണക്കിലെടുത്താണ് ആദിവാസികളിൽ നിന്ന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഉദ്യോഗാർഥി ഉപജീവനത്തിന് വനത്ത ആശ്രയിച്ച് കഴിയുന്ന പട്ടിക വർഗക്കാരനാണെന്ന് തെളിയിക്കുന്ന, റേഞ്ച് ഫോറസ്റ്റ് ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നുള്ള സർട്ടിഫിക്കറ്റും, വില്ലേജ് ഓഫീസറുടെ ജാതി സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം ഹാജരാക്കണം.

ജില്ലാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരോ ജില്ലയിലേക്കും അവിടങ്ങളിലുള്ളവരെ മാത്രമേ പരിഗണിക്കൂ. വനിതകൾക്കും അപേക്ഷിക്കാം. അവിവാഹിതരായ അമ്മമാർ, അവരുടെ കുട്ടികൾ, വിധവകളുടെ മക്കൾ, വനംവകുപ്പിൽ വർഷങ്ങളായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എസ്ടി വിഭാഗം ജീവനക്കാർ എന്നിവർക്ക് മുൻഗണന.ഉദ്യോഗാർഥികൾ 19നും 33നും മധ്യേ പ്രായമുള്ളവരാകണം. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. വിജയികളുടെ അഭാവത്തിൽ, കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. പുരുഷന്മാർക്ക് 159.5 സെന്റിമീറ്റർ ഉയരവും 79 സെന്റിമീറ്റർ നെഞ്ചളവും അഞ്ച് സെന്റിമീറ്റർ വികാസവുമുണ്ടാകണം. വനിതകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം വേണം. വൺസ്റ്റാർടെസ്റ്റ് പ്രകാരമുള്ള ശാരീരിക ക്ഷമതാ പരിശോധന വിജയകരമായി പൂർത്തിയാക്കണം.

നിയമനവുമായി ബന്ധപ്പെട്ട് പി.എസ്‌.സി വിജ്ഞാപനം പുറപ്പെടുവിക്കും. വനംവകുപ്പ് ഊരുകളിൽ വ്യാപകമായ പ്രചാരണവും നടത്തും. ചുരുക്കപ്പട്ടികയിൽ നിന്ന് വൺസ്റ്റാർ ടെസ്റ്റ് വിജയിച്ചരെ അഭിമുഖം നടത്തി അന്തിമറാങ്ക് ലിസ്റ്റ് തയ്യാറാക്കിയാകും നിയമനം.വയനാടാണ് ഏറ്റവും കൂടുതൽ തസ്തിക–170. പാലക്കാട്–60, കാസർകോട്–45 ഇടുക്കി 40, മലപ്പുറം 30, കണ്ണൂർ 45. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് -20 വീതവും കൊല്ലം, പത്തനംതിട്ട, തൃശൂർ - പത്ത് വീതവും തസ്തികകൾ. 20000–45800 രൂപയാണ് ശമ്പള സ്‌കെയിൽ.