vegetable

5വർഷത്തിനിടെ വർദ്ധിച്ചത് 8 ലക്ഷം ടൺ

തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമ്പോഴും വില കുറയുന്നില്ല.
പ്രതിവർഷം ശരാശരി 20 ലക്ഷം ടൺ പച്ചക്കറി മലയാളിക്ക് വേണം. ഇപ്പോൾ ഏകദേശം 16 ലക്ഷം ടൺ വിളവെടുക്കുന്നുണ്ട്.

പരിശ്രമിച്ചാൽ, രണ്ടു വർഷത്തിനുള്ളിൽ ചില ഇനങ്ങൾ ഒഴിച്ചുള്ളതെല്ലാം ഇവിടെ വിളയിക്കാമെന്നാണ് കണക്കുകൂട്ടൽ. അതോടെ വില കുറയാനും സാധ്യതയുണ്ട്.

സർക്കാർ ആവിഷ്കരിച്ച വീട്ടുവളപ്പിൽ പച്ചക്കറി കൃഷി, ഓണത്തിന് ഒരു മുറം പച്ചക്കറി, ജീവനി -സഞ്ജീവനി, മട്ടുപ്പാവ് കൃഷി,സുഭിക്ഷ കേരളം തുടങ്ങിയ പദ്ധതികളാണ് തുണയായത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 8 ലക്ഷം ടൺ പച്ചക്കറിയാണ് അധികമായി ഉത്പാദിപ്പിച്ചത്.
2015 -16 ൽ 6.28 ലക്ഷം ടൺ പച്ചക്കറിയായിരുന്നു ഇവിടെ വിളവെടുത്തത്. ബാക്കി 14 ലക്ഷം ടൺ പച്ചക്കറിയും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിയത്.

വിലകുറയാത്തതിന് പിന്നിൽ

നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ പലതും കൃഷി ചെയ്യുന്നില്ല

പാവൽ,​പടവലം,​കുമ്പളം,​മത്തൻ,ഇഞ്ചി തുടങ്ങിയ ഇനങ്ങളാണ് നാട്ടിൽ സുലഭം

വെണ്ടയ്ക്ക, കാരിമുളക്, തൊണ്ടൻ മുളക്, തക്കാളി,അമര,ബീൻസ് തുടങ്ങിയവ പുറത്തുനിന്ന്

കാബേജ്, കോളിഫ്ലവർ,കാരറ്റ് തുടങ്ങിയവ വട്ടവട,കാന്തല്ലൂർ മേഖലയിൽ നിന്ന് പോകുന്നത് തമിഴ്നാട് മാർക്കറ്റിലേക്ക്.

ഇവ വീണ്ടും കേരളത്തിലെത്തുമ്പോൾ വില അഞ്ചും ആറും ഇരട്ടി

തമിഴ്നാട് ലോബി ഇവിടത്തെ കർഷകർക്ക് മുൻ‌കൂർ പണം നൽകി കരാറായി കൃഷി ചെയ്യിക്കുന്നു

വർഷം കൃഷിസ്ഥലം (ഹെക്ടറിൽ)- വിളവ് (ലക്ഷം ടൺ)

2015 -16 46,500 6.28
2016 -17 57,​045 7.25
2017-18 69,​047 10.01
2018-19 82,​166 12.12
2019-20 96,​313 14.93

2020-21- 1.06 ലക്ഷം 16.00 (പ്രതീക്ഷ)