
തിരുവനന്തപുരം: മാലിന്യ കൂമ്പാരമായിരുന്ന എരുമക്കുഴിയിൽ ട്രിഡ ആരംഭിച്ച വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. സൗഭാഗ്യ എന്ന പേരിലുള്ള മന്ദിരത്തിന്റെ ചുവരുകളിൽ നിറയുന്നത് നവോത്ഥാന നായകരും, ഉജ്ജ്വല പോരാട്ടങ്ങളുടെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമാണ്. കിള്ളിപ്പാലം– ബൈപാസ് റോഡരികിൽ നിർമ്മിച്ച വാണിജ്യ സമുച്ചയത്തിന്റെ രണ്ട് ചുവരുകളിലാണ് 'നവോത്ഥാനത്തിലൂടെ ഐക്യകേരളം', ശ്രീപത്മനാഭം എന്നീ പേരുകളിലുള്ള കലാസൃഷ്ടികൾ നിറഞ്ഞുനിൽക്കുന്നത്.
അരുവിപ്പുറം പ്രതിഷ്ഠ മുതൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചൊല്ലുന്ന സന്ദർഭം വരെ 'നവോത്ഥാനത്തിലൂടെ ഐക്യ കേരളം' എന്ന സൃഷ്ടിയിൽ കാണാം. ചട്ടമ്പിസ്വാമികൾ വിദ്യ അഭ്യസിപ്പിക്കുന്നത്, മഹാത്മ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, കല്ലുമാല–മാറുമറയ്ക്കൽ സമരങ്ങൾ, പുന്നപ്ര–വയലാർ സമരവും പൊലീസ് വെടിവയ്പ്പും, എ.കെ.ജിയും കൃഷ്ണപിള്ളയും നയിക്കുന്ന പ്രക്ഷോഭ ജാഥകൾ എന്നിവയും മന്ദിരത്തിന് ചാരുതയേകും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ആനകളെ ഉപയോഗിച്ച് കല്ലുകൾ കൊണ്ടുവരുന്നതും നിർമ്മാണം രാജാവ് കാണാൻ വരുന്നതും ക്ഷേത്ര പ്രവേശന വിളംബരവും ആറാട്ട് ഉത്സവവും 'ശ്രീപദ്മനാഭത്തിൽ' ഉൾപ്പെടുത്തിയിരിക്കുന്നു. മണികണ്ഠൻ പുന്നയ്ക്കലും സംഘവുമാണ്. ഈ 'മ്യൂറൽ റിലീഫുകൾ' തയ്യാറാക്കിയത്.
പാർക്കും വരുന്നു
ഭാവിയിൽ വയോജനങ്ങൾക്കും കുട്ടികൾക്കും ഉല്ലസിക്കാനും വിശ്രമിക്കാനും പാർക്കും ഒരുക്കും. സമീപമുള്ള ട്രിഡയുടെ സ്ഥലത്ത് യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രാഥമികകൃത്യങ്ങൾ ഉൾപ്പെടെ നിർവഹിക്കാനുള്ള സംവിധാനങ്ങളും നിർമ്മിക്കും.
കെട്ടിടം: 03 നിലകളിലായി
ചെലവ്: 15 കോടി രൂപ
കടമുറികൾ: 43
ഓഫീസ് സൗകര്യം: 9000 ചതുരശ്രഅടി
വിശാലമായ കാർ പാർക്കിംഗ്
"എട്ട് മീറ്റർ ഉയരത്തിൽ മാലിന്യം കുന്നുകൂടിക്കിടന്ന സ്ഥലത്താണ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തുശില്പ ശൈലി സമന്വയിച്ച് പണിതീർത്ത മന്ദിരം പുതുകാല നിർമ്മാണങ്ങൾക്ക് ട്രിഡ നൽകുന്ന ഉത്തമ മാതൃകയാണ്. "
സി. ജയൻബാബു, ചെയർമാൻ