election-2021

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പൂർണ തൃപ്തി പ്രകടിപ്പിച്ചതോടെ വോട്ടെടുപ്പ് ഏപ്രിൽ പകുതിക്കു മുമ്പുതന്നെയെന്ന നിഗമനത്തിൽ ചർച്ചകളും തന്ത്രങ്ങളും മുറുക്കാൻ രാഷ്ട്രീയ മുന്നണികൾ. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പു കൂടി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അറിയിച്ചതോടെ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ഇനി വേഗമേറും.

സംസ്ഥാനത്തിന്റെ ഒരുക്കങ്ങളും കൊവിഡ് നിയന്ത്രണ നടപടികളും തൃപ്തികരമെന്ന് വെളിപ്പെടുത്തിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ പക്ഷേ, വോട്ടെടുപ്പു തീയതിയിൽ വ്യക്തമായ സൂചന നൽകിയില്ല. സി.ബി.എസ്.ഇ പരീക്ഷ കൂടി കണക്കിലെടുത്താകും തീരുമാനമെന്നാണ് രണ്ടു ദിവസത്തെ വിശദമായ അവലോകനത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ ഉത്സവങ്ങളും കേന്ദ്രസേനയുടെ വിന്യാസത്തിനുള്ള സൗകര്യവും പരിഗണിക്കും.

അതേസമയം, ഏപ്രിൽ ആദ്യവാരമായിരിക്കുമോ തിരഞ്ഞെടുപ്പ് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇവിടെ ജൂൺ ഒന്നു വരെ നിയമസഭയ്‌ക്ക് കാലാവധിയുണ്ടല്ലോ എന്ന് കമ്മിഷൻ മറുപടി നൽകിയതിന് പല അർത്ഥവും കല്പിക്കപ്പെടുന്നുണ്ട്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കേണ്ട അസമിൽ ഏപ്രിൽ 15 ന് ബിഹു ഉത്സവമാണ്. കേരളത്തിൽ ഈസ്റ്റർ ഏപ്രിൽ നാലിനും, വിഷു 14നും. അസമിനു പുറമെ പശ്ചിമബംഗാളിലും കൂടുതൽ കേന്ദ്രസേനയുടെ വിന്യാസം വേണ്ടിവരുമെന്നതിനാൽ, അവിടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാക്കിയ ശേഷം മതി കേരളം ഉൾപ്പെടെ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പെന്ന് കമ്മിഷൻ തീരുമാനിക്കുമോ എന്ന് മുന്നണികൾക്ക് ആശങ്കയുണ്ട്.

പൗരത്വ പ്രശ്നം മുഖ്യവിഷയമാകാൻ സാധ്യതയുള്ള ബംഗാളിലും അസമിലും റംസാൻ മാസത്തിൽത്തന്നെ തിരഞ്ഞെടുപ്പ് നടത്താൻ സാദ്ധ്യത ഏറെയാണ്. കേരളത്തിൽ കൊവിഡ് ശക്തിപ്രാപിച്ചു നില്ക്കുന്നതിനാൽ അതു പരിഗണിച്ച് വോട്ടെടുപ്പ് നീട്ടുകയും ചെയ്തേക്കാം. തമിഴ്നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ള മറ്റു രണ്ട് സംസ്ഥാനങ്ങൾ.

 ശബരിമല വിഷയമാക്കാം; തടസമില്ല

തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിക്കുന്നതിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഉന്നയിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ സ്വീകരിച്ചത്. ഏതെങ്കിലും വിഷയം ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ മാത്രമാണ് ഇടപെടേണ്ടിവരിക എന്നും കമ്മിഷൻ പറഞ്ഞു.

 കൊവിഡ് വ്യാപനം പരിഗണിച്ച് ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം 500 മുതൽ 1000 വരെയാക്കി പരിമിതപ്പെടുത്തും.

 നിലവിലെ 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കേണ്ടിവരും.

 കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും അവസാന മണിക്കൂറിൽ വോട്ടു ചെയ്യാം.

 ഇതിനായി പോളിംഗ്സമയം കൂട്ടണമോ എന്നത് പിന്നീട് തീരുമാനിക്കും.

 സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയാൻ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ല.

 മതസ്പർദ്ധയുണ്ടാക്കാനും മറ്റുമുള്ള ശ്രമങ്ങളെ നിലവിലെ നിയമം ഉപയോഗിച്ച് തടയും.