paldhura

നാഗർകോവിൽ: തക്കലയിൽ കോൺട്രാക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് ദിവസത്തിനു ശേഷം മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മേക്കോട് സ്വദേശിയും അഭിഭാഷകനുമായ ജോസഫ്(45), രമേശ്‌ (40) എന്നിവരാണ് അറസ്റ്റിലായത്. തക്കല മേക്കോട്സ്വദേശി പാൽദുരയാണ് (51) കൊല്ലപ്പെട്ടത്.

നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അഞ്ചാംതീയതിയാണ് പാൽദുരൈ മരിച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കവേ ഇയാൾക്ക് ബോധക്ഷയമുണ്ടായതായും കുളച്ചൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഒന്നാംതീയതി ജോസഫ്, പാൽദുരൈയുടെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. ഇവിടെനിന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ആശാരിപ്പള്ളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാൽദുരൈ കുഴഞ്ഞുവീണെന്ന് പറയപ്പെടുന്ന സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതാണ് വഴിത്തിരിവായത്. ഇതിൽ രമേഷും ജോസഫും പാൽദുരെയെ തള്ളിയിട്ട് മർദ്ദിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കൽകുളം തഹസിൽദാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത മൃതദേഹം പരിശോധനയ്ക്കായി ആശാരിപ്പള്ളം ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.