
കുറ്റ്യാടി: മലയോരത്ത് മത്സ്യ വിതരണത്തിന് പേരുകേട്ട കുറ്റ്യാടി മത്സ്യ മാർക്കറ്റിന്റെ അവസ്ഥ പരിതാപകരം. കൊവിഡ് വന്നതോടെയാണ് മാർക്കറ്റിലെ തൊഴിലാളികളുടെ ജീവിതവും താളം തെറ്റിച്ചത്. കായക്കൊടി, മരുതോങ്കര, ചങ്ങരോത്ത്, കാവിലും പറ ഭാഗങ്ങളിൽ നിന്നെല്ലാം കുറ്റ്യാടി മാർക്കറ്റിലെത്തി മത്സ്യം വാങ്ങുന്നതായിരുന്നു ജനത്തിന്റെ പതിവ്. ഒരു വർഷം മുൻപ് വരെ തിരക്കേറിയ മത്സ്യ മാർക്കറ്റിൽ ഇപ്പോൾ ജനങ്ങളുടെ വരവ് നന്നേ കുറവാണ്.
സമീപത്തെ വടകര, ചോമ്പാൽ മേഖലകളിൽ നിന്ന് നാടൻ മത്സ്യങ്ങൾ എത്തുന്നതും കുറ്റ്യാടി മാർക്കറ്റിലേക്കാണ്. എഴുപതോളം തൊഴിലാളികളാണ് മുൻപ് മാർക്കറ്റിൽ ജോലി ചെയ്തിരുന്നതെങ്കിൽ നിലവിൽ ഇരുപേർ മാത്രമാണുള്ളത്. കാലങ്ങളായി ഈ മേഖലയിൽ തന്നെ ജോലി ചെയ്തു വന്നതിനാൽ ഇനി എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് തൊഴിലാളികൾ. മറ്റ് പ്രദേശത്തെ മത്സ്യ വിതരണ കേന്ദ്രങ്ങളെ അപേക്ഷിച്ച് വൈവിദ്ധ്യമായ മത്സ്യങ്ങളാണ് കുറ്റ്യാടി മാർക്കറ്റിൽ എത്തുന്നതെങ്കിലും പല ദിവസങ്ങളിലും മാർക്കറ്റ് സജീവമാകാതിരിക്കുന്നതിനാൽ വലിയ നഷ്ടം സംഭവിക്കുന്നതായി തൊഴിലാളികൾ പറയുന്നു. കുറ്റ്യാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് എന്നും മാർക്കറ്റിലെ തൊഴിലാളികളുടെ ഇടപെടലുകൾ ഏറെ പ്രശംസാർഹമായിരുന്നു. തൊഴിൽ മേഖല ഏറെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ സഹായിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും ശ്രമിക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്.