
തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ എന്നീ പദവികൾ വഹിച്ചിട്ടുള്ള പ്രഭാകരൻനായർ വിടപറഞ്ഞിട്ട് ഫെബ്രുവരി 15ന് 25 വർഷമായി. നഗരസഭയിൽ 25 വർഷക്കാലം കൗൺസിലർ ആയിരുന്നതും കുറവൻകോണം വാർഡിനെ പ്രതിനിധീകരിച്ചാണ്. 1966ൽ കൗൺസിലറായ പ്രഭാകരൻ നായർ ക്ളീൻ സിറ്റി ഗ്രീൻ സിറ്റി പദ്ധതി സജീവമായി നടപ്പിലാക്കിക്കൊണ്ടിരിക്കെ, 58-ാം വയസിൽ മരണമടഞ്ഞു. സമാനതകളില്ലാത്ത വലിയൊരു സുഹൃദ് വലയത്തിന് ഉടമ കൂടിയായിരുന്നു..
സ്വതന്ത്രനായിട്ടാണ് കുറവൻകോണം വാർഡിൽ നിന്ന് തുടക്കം. ആർ.എസ്.പിയിലെ ജി. വേണുഗോപാൽ കുറവൻകോണം വാർഡിൽ മത്സരിച്ചപ്പോൾ മുതലാണ് കെ. പ്രഭാകരൻനായർ രാഷ്ട്രീയത്തിലേക്ക് എത്തിയത്. അതിനുശേഷം ആർ.എസ്.പി പ്രതിനിധിയായി. ബേബിജോൺ, കെ. പങ്കജാക്ഷൻ, പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ എന്നിവരുമായി ആത്മബന്ധം പുലർത്തി. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല താത്‌കാലികമായി വഹിച്ചിട്ടുണ്ട്. ദേവസ്വം എംപ്ളോയീസ് യൂണിയൻ, ലോറി തൊഴിലാളി യൂണിയൻ, കൺസ്ട്രക്ഷൻ യൂണിയൻ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. 1981ൽ ഡെപ്യൂട്ടി മേയറും 1983 - 84ൽ മേയറുമായി. നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്, പട്ടം താണുപിള്ള കുറവൻകോണം പാർക്ക്, കുറവൻകോണം ഓപ്പൺ മാർക്കറ്റ് തുടങ്ങിയവ പ്രഭാകരൻ നായരുടെ സംഭാവനകളാണ്.
26-ാം വയസിൽ കൗൺസിലറായ കെ. പ്രഭാകരൻ നായർ തിരുവനന്തപുരം നഗരസഭയുടെ മേയറായി മാറിയപ്പോൾ താൻ പ്രതിനിധീകരിച്ച വാർഡിന്റെ വികസന കാഴ്ചപ്പാടുകൾക്കൊപ്പം കൂടി. ശ്രീവിലാസ് ലെയിനിലെ പടിക്കെട്ടുകളായ കുറുക്കുവഴികൾ ഗതാഗതയോഗ്യമാക്കിക്കൊണ്ടായിരുന്നു വാർഡുവികസനത്തിന്റെ തുടക്കം.
വ്യാഴാഴ്ച തോറും ആർ.എസ്.പിനടത്തിവരാറുള്ള വിമോചന സമരത്തിൽ പങ്കെടുത്ത് 1959 ൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ദേവസ്വം സമരത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്. സമരക്കാരായ ശാന്തിക്കാർ കവടിയാറിലെ വൈ.എം.എ യിലാണ് ക്യാമ്പ് ചെയ്തിരുന്നത്. ആർ.എസ്.പി നേതാവായ കെ.സി. വാമദേവൻ സമരക്കാരെ ജാഥയായി ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലെത്തിക്കുന്ന ചുമതല പ്രഭാകരൻ നായരെയാണ് ഏല്പിച്ചിരുന്നത്. ഈ കാലയളവിലാണ് ആർ.എസ്.പിയുടെ സമുന്നതനായ നേതാവ് ടി.കെ. ദിവാകരനുമായുള്ള അടുത്ത ബന്ധം തുടങ്ങുന്നത്.
ബഹുജന നേതാവായി നിലകൊണ്ടപ്പോഴും ജനപ്രതിനിധി എന്ന തന്റെ ഉത്തരവാദിത്വം ഒരിക്കലും മറന്നില്ല. കെ. പ്രഭാകരൻനായരുടെ മരണശേഷം കുറവൻകോണം വാർഡിനെ പ്രതിനിധീകരിച്ച് രംഗത്തുവന്നത് അദ്ദേഹത്തിന്റെ മകൻ പി. ശ്യാംകുമാറാണ്.