
നിഗൂഢമായ വിശ്വാസങ്ങളും കഥകളും നിറഞ്ഞതാണ് ലോകം. ഇക്കൂട്ടത്തിൽ ' ശാപം കിട്ടിയത് ' അല്ലെങ്കിൽ ദൗർഭാഗ്യം കൊണ്ടുവരുന്നത് എന്ന് കരുതുന്ന ചില വിചിത്ര വിശ്വാസങ്ങളിലൂടെ...
ഈ ഗാനം കേൾക്കരുത് !
ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ഗാനമാണ് ' ഗ്ലൂമി സൺഡേ'. ' ഹംഗേറിയൻ ആത്മഹത്യാഗാനം ' എന്നറിയപ്പെടുന്ന ഈ പാട്ട് കേട്ട് ആത്മഹത്യ ചെയ്തവർ നിരവധിയാണത്രെ. 1933ൽ ഹംഗേറിയൻ പിയാനോ വിദഗ്ദ്ധനായ റെസോ സെരെസ് ആണ് ഗ്ലൂമി സൺഡേ ചിട്ടപ്പെടുത്തിയത്. പിന്നീട് ഹംഗറിയിൽ ഉൾപ്പെടെ നടന്ന നൂറിലേറെ ആത്മഹത്യകളുടെ ഉത്തരവാദിത്തം ഗ്ലൂമി സൺഡെയുടെ തലയിലായി. നിരവധി രാജ്യങ്ങൾ റേഡിയോയിലൂടെ ഈ ഗാനം പ്രക്ഷേപണം ചെയ്യാൻ വിസമ്മതിച്ചു.
ബി.ബി.സിയും ഇക്കൂട്ടത്തിൽപ്പെടുന്നു. ഗ്ലൂമി സൺഡെയ്ക്ക് ഹംഗേറിയൻ സർക്കാർ പൊതുവേദികളിൽ വിലക്കേർപ്പെടുത്തി. ഗ്ലൂമി സൺഡേയുടെ സ്രഷ്ടാവ് റെസോ സെരസ് 1968ൽ ബുഡാപെസ്റ്റിലെ അപ്പാർട്ട്മെന്റിന്റെ ജനാല വഴി ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇംഗ്ലീഷിലടക്കം നിരവധി തവണ ഗ്ലൂമി സൺഡേ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും മരണങ്ങൾക്ക് ഉത്തരവാദി ഗ്ലൂമി സൺഡേ ആണെന്ന് തെളിയിക്കാൻ ആധാരമായ യാതൊരു തെളിവുകളുമില്ല.
തുറക്കാത്ത മുറി
അമേരിക്കയിലെ ഒഹായോ യൂണിവേഴ്സിറ്റിയിലെ വിൽസൺ ഹാളിലെ 428ാം നമ്പർ മുറി ആർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം സീൽ ചെയ്‌ത് പൂട്ടിയിട്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഈ മുറിയിൽ താമസിച്ചവർക്കുണ്ടായ ദുരനുഭവങ്ങൾ തന്നെ.
1970കളിൽ ആരോ ഈ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പറയപ്പെടുന്നു. അയാളുടെ പ്രേതം ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നാണ് ഒരു കഥ. മുറിയിൽ താമസിച്ച ഒരു പെൺകുട്ടി ആസ്ട്രൽ പ്രൊജക്ഷൻ നടത്തുകയും ആത്മാക്കളോട് സംസാരിക്കാൻ ശ്രമിക്കുകയും ഒടുവിൽ മനോനില തെറ്റി ആത്മഹത്യ ചെയ്തു എന്നുമാണ് മറ്റൊരു കഥ.
ഈ മുറിയിൽ അജ്ഞാത ശബ്ദങ്ങൾ കേൾക്കുകയും വാതിലുകൾ താനേ അടയുകയും തുറക്കുകയും ചെയ്യുന്നതും വസ്തുക്കൾ താനേ ഉയർന്നു പൊങ്ങുന്നതുമൊക്കെ കണ്ടിട്ടുണ്ടെന്നും ചിലർ അവകാശപ്പെടുന്നു. വിൽസൺ ഹാൾ സ്ഥിതി ചെയ്യുന്നയിടത്ത് മുമ്പ് ഒരു സെമിത്തേരി നിലനിന്നിരുന്നതായി പറയപ്പെടുന്നു. ഏതായാലും ഈ മുറിയിലേക്ക് പിന്നീട് ആരെയും പ്രവേശിപ്പിച്ചിട്ടില്ല.
ബഹുമാനിച്ചില്ലെങ്കിൽ പ്രശ്നമാ...
ഫ്ലോറിഡയിലെ ഈസ്‌റ്റ് മാർട്ടെല്ലോ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കുഴപ്പക്കാരനായ പാവയാണ് റോബർട്ട്. റോബർട്ടിനെ കാണുന്നതൊക്കെ ഓക്കെ ! പക്ഷേ, റോബർട്ടിന് അഭിവാദ്യമർപ്പിക്കുകയും നമ്മൾ സ്വയം പരിചയപ്പെടുത്തുകയും വേണം. ഫോട്ടോ എടുക്കണമെങ്കിൽ പോലും റോബർട്ടിന്റെ അനുവാദം മസ്റ്റാണ്. മടങ്ങാൻ നേരം യാത്രയും പറയണം. ഇതെല്ലാം കണക്കിലെടുക്കാതെ നിന്ദിക്കുന്നവർക്ക് റോബർട്ട് പണിതരുമത്രെ.
ചിലപ്പോൾ റോബർട്ട് ചലിക്കുകയും ചിരിക്കുകയും ചെയ്യുമെന്നും കഥകളുണ്ട്. റോബർട്ട് യൂജീൻ ഓട്ടോ എന്ന ചിത്രകാരന്റേതായിരുന്നു റോബർട്ട് പാവ. കുട്ടിയായിരിക്കെ താൻ ചെയ്‌ത കുറ്റങ്ങളെല്ലാം ഓട്ടോ റോബർട്ടിന്റെ തലയിൽ കെട്ടിവച്ചതാണ് റോബർട്ടിനെ അമാനുഷിക കഴിവുള്ള പാവയാക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. 1974ൽ ഓട്ടോയുടെ മരണം വരെ ഒപ്പം റോബർട്ടും ഉണ്ടായിരുന്നു. പിന്നീട് പലരുടെയും കൈവശം റോബർട്ട് എത്തിപ്പെട്ടെങ്കിലും പലരും റോബർട്ട് ഒരു പ്രേതപ്പാവയാണെന്ന് ആരോപിച്ചു. അങ്ങനെ ഒടുവിൽ റോബർട്ട് മ്യൂസിയത്തിലെത്തിപ്പെടുകയായിരുന്നു.
അലറിക്കരയുന്ന തലയോട്ടി
17ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വെസ്‌റ്റ് ഡോർസെറ്റിലുള്ള ' ബെറ്റിസ്കോമ്പ് മാനർ' എന്ന ബംഗ്ലാവിലേക്ക് ജോൺ ഫ്രെഡറിക് പിന്നി എന്ന പ്രഭു ഒരു ജമൈക്കൻ അടിമയെ എത്തിച്ചു. യജമാനനെ അനുസരിച്ച് ജീവിച്ച അടിമ അധികം വൈകാതെ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരിക്കുന്നതിന് മുമ്പ് അടിമ ഒരാഗ്രഹം പ്രഭുവിനോട് ആവശ്യപ്പെട്ടു. മരണശേഷം മൃതദേഹം തന്റെ ജന്മനാട്ടിലെത്തിക്കണം. അല്ലാത്ത പക്ഷം, താൻ വിശ്രമിക്കില്ലെന്ന് അടിമ പ്രഭുവിനോട് പറഞ്ഞു. എന്നാൽ പ്രഭു ഇത് ചെവിക്കൊണ്ടില്ല. അടുത്തുള്ള സെമിത്തേരിയിൽ അടിമയുടെ മൃതദേഹം സംസ്കരിച്ചു.
പിന്നീട്, സെമിത്തേരിയിൽ നിന്ന് നിലവിളികളും അലർച്ചകളും കേൾക്കാൻ തുടങ്ങിയത്രെ. ബംഗ്ലാവിലും സമീപ പ്രദേശങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി. ഒടുവിൽ പ്രഭു അടിമയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് തന്റെ ബംഗ്ലാവിലെത്തിച്ചു. ജീർണിച്ച് പോയ മൃതദേഹത്തിൽ അവശേഷിച്ച തലയോട്ടി ഇപ്പോഴും ബെറ്റിസ്കോമ്പ് മാനറിലുണ്ട്. ഇവിടെ നിന്ന് മാറ്റാൻ ശ്രമിച്ചാൽ ഈ തലയോട്ടി അതിഭീകരമായി അലറാൻ തുടങ്ങുമെന്നാണ് വിശ്വാസം.
ശല്യം ചെയ്താൽ ദുരന്തം
1974ൽ ചൈനയിലെ ഷിയാൻ പ്രവിശ്യയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയ പ്രതിമകളാണ് ' ടെറക്കോട്ട ആർമി '. ചൈനയിലെ ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരത്തിനൊപ്പമാണ് ഇവ കണ്ടെത്തിയത്. 8000 സൈനികർ, 520 കുതിരകൾ, 130 രഥങ്ങൾ തുടങ്ങിയവയുടെ ടെറക്കോട്ട പ്രതിമകൾ ഉൾപ്പെടുന്നതാണ് ടെറക്കോട്ട ആർമി.
സാധാരണ മനുഷ്യന്റെ വലിപ്പമുള്ള സൈനികരുടെ പ്രതിമകൾക്ക് ഓരോന്നിനും ഓരോ വ്യത്യസ്ത മുഖങ്ങളാണുള്ളത്. മരണാനന്തര ജീവിതത്തിൽ ഹുവാങ്ങ് ചക്രവർത്തിയെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാനാണ് ഇത്രയും വലിയ സൈന്യത്തെ കാവലിനായി നിറുത്തിയിരിക്കുന്നതെന്നാണ് വിശ്വാസം
സ്വർണവും വെള്ളിയും പൂശിയിരിക്കുന്ന ഹുവാംഗ് ചക്രവർത്തിയുടെ കല്ലറയിൽ അമൂല്യമായ നിധി ശേഖരമുണ്ടെന്നാണ് പറയപ്പെടുന്നത്. ആരും തട്ടിയെടുക്കാതിരിക്കാൻ നിരവധി കെണികളും കല്ലറയിൽ ഒരുക്കിയിട്ടുണ്ട്. ഏഴ് കർഷകർ കിണർ കുഴിക്കുന്നതിനിടെയാണ് കല്ലറ കണ്ടെത്തിയത്. എന്നാൽ, ഈ കർഷകരെ തേടി ദുരിതമാണുണ്ടായത്. കണ്ടെത്തലിന് പിന്നാലെ കല്ലറ സ്ഥിതി ചെയ്ത ഗ്രാമം സർക്കാർ ഏറ്റെടുക്കുകയും അവിടുത്തെ വീടുകൾ പൊളിച്ചു നീക്കുകയും ചെയ്തു. കർഷകരിൽ മൂന്ന് പേർ ദാരിദ്ര്യമനുഭവിച്ച് മരിച്ചെന്ന് പറയപ്പെടുന്നു. കല്ലറയെയും ടെറക്കോട്ട ആർമിയെയും ശല്യം ചെയ്താൽ അവരെ ദുരന്തങ്ങൾ വേട്ടയാടുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.