money

കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ കോടികൾ നഷ്ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാണ് പലരുടെയും പണം പോയത്. കാശ് നഷ്ടപ്പെട്ടവർ പരാതിയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി. പതിനായിരം രൂപ നിക്ഷേപിച്ചാൽ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നു. ഇതിൽ വിശ്വസിച്ച് പലരും നിക്ഷേപം വർദ്ധിപ്പിക്കുകയായിരുന്നു. പതിനായിരത്തിന് പകരം ഇരുപതിനായിരം മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചപ്പോൾ ആദ്യമൊക്കെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്ന സംഘമെന്ന് മനസിലായെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്നാണ് ഹൊസ്ദുർഗ് പൊലീസിൽ പരാതിയുമായെത്തിയത്. മൂന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തി സംഘം മുങ്ങിയെന്നാണ് പൊലീസ് സംശയിക്കുന്നത്.