cartoon-

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഓടിയടുക്കുമ്പോൾ കേരള രാഷ്ട്രീയം മാറിമറിയുകയാണ്. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വലിയ ആത്മവിശ്വാസം സംസ്ഥാനം ഭരിക്കുന്ന ഇടതുകക്ഷികൾക്കുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരാജിച്ചിരുന്ന ഉന്നതനുമായി അടുപ്പമുണ്ടായിരുന്ന യുവതി അദ്ദേഹത്തിന്റെ ഒത്താശയോടെ, യോഗ്യത ഇല്ലായിരുന്നിട്ടും വിവരസാങ്കേതികവിദ്യാ വകുപ്പിൽ ഉയർന്ന തസ്തികയിൽ ജോലിയിൽ പ്രവേശിച്ചതും രാജ്യാന്തരമാനമുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായതുമൊന്നും നിസാരമല്ല.

പ്രതിപക്ഷ കക്ഷികൾക്ക് രാഷ്ട്രീയ വിവാദമുയർത്തിയുള്ള ആക്രമണത്തിന് ഇത് ചെറിയ ആയുധവുമല്ല . അവർ തലങ്ങും വിലങ്ങും അതെടുത്തുവീശി ആക്രമിച്ചിട്ടും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോല്പിക്കാനായില്ല. തദ്ദേശതിരഞ്ഞെടുപ്പ് പ്രാദേശിക സർക്കാരുകളെ സംബന്ധിച്ചുള്ളതാണ്. പ്രാദേശികമായ ജനതാത്‌പര്യങ്ങളും വ്യക്തിതാത്‌പര്യങ്ങളും അതിൽ സ്വാധീനം ചെലുത്തും. അതുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവം അതിൽ പ്രതിഫലിക്കപ്പെടില്ലെന്ന പ്രതിപക്ഷവാദം മുഖവിലയ്ക്കെടുത്താലും, ജില്ലാപ്പഞ്ചായത്തുകളിൽ ഇടത് ആധിപത്യത്തിന് ഉലച്ചിൽതട്ടാതിരുന്നത് കുറച്ചുകാണാനാവില്ല.

തിരഞ്ഞെടുപ്പിൽ സംഭവിച്ച ക്ഷീണം പുറത്തു കാണിക്കാൻ യു.ഡി.എഫോ കോൺഗ്രസോ ഒരുക്കമല്ലായിരുന്നു. എന്നാൽ, ആകുലതകൾ നീക്കിയൊരു തിരിച്ചുവരവിന് അവർ അങ്ങേയറ്റം കിണഞ്ഞദ്ധ്വാനിക്കുന്നത് കേരളം കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപെടൽ കേരളത്തിലുണ്ടായത് തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമായിരുന്നു. ഹൈക്കമാൻഡിന്റെ പ്രതിനിധികൾ കേരളത്തിൽ തന്നെയാണിപ്പോൾ ഏറിയ കൂറും.

മാറുന്ന ചിത്രങ്ങൾ

തുടർഭരണ സാദ്ധ്യത ഉറപ്പിച്ച മട്ടിലായിരുന്നു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമുള്ള കേരളത്തിലെ ഇടതുമുന്നണി നേതൃത്വത്തിന്റെ നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ ശരീരഭാഷ ആ ആത്മവിശ്വാസം പ്രകടമാക്കി. പുതിയ നൂറുദിന കർമ്മപരിപാടികളും ജില്ലകളിൽ ചെന്ന് നടത്തിയ ആശയസംവാദങ്ങളും കാമ്പസ് സംവാദപരിപാടികളുമൊക്കെയായി അദ്ദേഹം ഊർജ്ജസ്വലതയോടെ മുന്നേറി. തൊട്ടാൽ പൊള്ളുമെന്ന് , കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ സി.പി.എം ചിന്തിച്ചുപോയ, 'ശബരിമല'യെ കോൺഗ്രസ് നേതൃത്വം, വിശിഷ്യാ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ തന്ത്രശാലി, എടുത്തിട്ടപ്പോഴും തന്ത്രപരമായ മെയ് വഴക്കത്തോടെ കുതറിമാറുന്ന പിണറായി വിജയനെ കണ്ടു.

അതിനിടയിലേക്കാണ് പൊടുന്നനെ തൊഴിലില്ലായ്മ എന്ന വലിയ പ്രശ്നം സർക്കാരിനെയും ഇടതുപക്ഷത്തെയും മഥിച്ചുകളയുന്ന രാഷ്ട്രീയപ്രശ്നമായി വന്നുവീഴുന്നത്. തിരഞ്ഞെടുപ്പിലേക്കുള്ള നാളുകൾ എണ്ണപ്പെട്ട് കഴിയുമ്പോൾ, ഭരണസിരാകേന്ദ്രത്തിന്റെ മുൻവശം നിറയെ പൊള്ളുന്ന സമരങ്ങളും സമരപ്പന്തലുകളുമാണ്.

റാങ്ക് ജേതാക്കളുടെ സമരവും യുവാക്കളുടെ വികാരവിക്ഷോഭങ്ങളും

പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരങ്ങളുടെ തീക്ഷ്ണത സർക്കാരിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. രണ്ടേമുക്കാൽ കോടിയോളം വരുന്ന വോട്ടർമാരിൽ 15ലക്ഷത്തിനും 20ലക്ഷത്തിനുമിടയ്ക്കുള്ള പുതുവോട്ടർമാർ നിർണായക ഘടകമാണ്. യുവമനസുകളുടെ വൈകാരികപ്രശ്നമാണ് തൊഴിലില്ലായ്മ.

പതിനെട്ടുകാരനായ പുതുവോട്ടറിൽ ഈ സർക്കാർ ഇനിയും വന്നാൽ തൊഴിൽപരീക്ഷ പാസാകുന്നവന് രക്ഷയുണ്ടാവില്ലേ എന്ന ആധി ജനിപ്പിക്കാൻ കേരളത്തിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സമരക്കൊടുങ്കാറ്റിനായാൽ? ആഴമേറിയ സമരത്തിൽ ഉദ്യോഗാർത്ഥികളുടെ രക്ഷാകർത്തൃത്വം ഏറ്റെടുക്കാൻ പെട്ടെന്ന് പ്രതിപക്ഷമോടിയെത്തിയത് മറ്റൊന്നും കൊണ്ടല്ല.

1,17,247 താത്‌കാലിക നിയമനങ്ങൾ സർക്കാർ സർവീസിൽ ഇപ്പോഴുണ്ടെന്ന്, ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ നിയന്ത്രിക്കുന്ന സ്പാർക്ക് എന്ന സോഫ്റ്റ്‌വെയർ സംവിധാനത്തിലെ കണക്കുകൾ പറയുന്നുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തപ്പെടുകയുണ്ടായി. താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ചെയ്യുക വഴി പ്രതിപക്ഷം, പി.എസ്.സി റാങ്ക്ജേതാക്കളുടെ സമരത്തിന്റെ രാഷ്ട്രീയമാനം ഉയർത്തുന്നു.

മാനുഷിക പരിഗണനയാൽ പത്തും ഇരുപതും വർഷമായി തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്നുവെന്ന സർക്കാർവാദം ന്യായമായിരിക്കാം. പക്ഷേ പി.എസ്.സി റാങ്ക്ജേതാക്കളുടെ വേദനകളെ ശമിപ്പിക്കാൻ സർക്കാർ നടത്തിയ ഒരിടപെടലുകൾക്കും സാധിക്കുന്നില്ല. പി.എസ്.സി വഴി നിയമനം സാധിക്കാത്ത സ്ഥാപനങ്ങളിലാണ് പത്തുവർഷത്തിലധികമായി തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്നത് എന്ന മുഖ്യമന്ത്രിയുടെ വാദത്തെ, പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ പോലും സ്പെഷ്യൽ റൂൾസ് തയാറാക്കാതെ തൊഴിൽസാദ്ധ്യത ഇല്ലാതാക്കുകയല്ലേ എന്ന മറുചോദ്യത്തിലൂടെ ഖണ്ഡിക്കാനാണ് പ്രതിപക്ഷശ്രമം. ഈ സർക്കാർ വന്നശേഷം 44000 തസ്തികകൾ സൃഷ്ടിച്ചെന്നും 1,57,911 പേർക്ക് പി.എസ്.സി വഴി നിയമനം നൽകിയെന്നുമുള്ള സർക്കാർ വാദത്തിനുമപ്പുറത്തേക്ക് തൊഴിലില്ലാത്തവരുടെ രോദമുയരുന്നിടത്താണ് പ്രതിസന്ധി. ഒരു വർഷം പരമാവധി സാധിക്കുന്ന നിയമനങ്ങൾ 25000 ആണെന്നാണ് സർക്കാർ കണക്ക്.

സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ), ലാസ്റ്റ് ഗ്രേഡ് എന്നീ പി.എസ്.സി റാങ്ക്പട്ടികക്കാരാണ് പ്രധാനമായും സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്നത്. 2023വരെ പ്രതീക്ഷിക്കുന്ന ഒഴിവുകളടക്കം കണക്കാക്കി സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ നിന്ന് നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർവാദം. ആയിരത്തിന് മുകളിൽ വരുമിത്. ഇനി വരാനിരിക്കുന്ന ഒഴിവുകളെല്ലാം കണക്കാക്കി ലാസ്റ്റ്ഗ്രേഡ് നിയമനമാകാമെന്ന വാഗ്ദാനവും സർക്കാരിൽ നിന്നുണ്ടാകുന്നു.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച്, യഥാർത്ഥത്തിലുണ്ടാകുന്ന ഒഴിവിന്റെ അഞ്ചിരട്ടി പേരെ റാങ്ക് പട്ടികയിലുൾപ്പെടുത്തേണ്ട സാഹചര്യം കേരളത്തിലുണ്ട്. അപ്പോൾ റാങ്ക്പട്ടികയിൽ വലിയ അളവിൽ ആളുകൾ പുറത്ത് നിൽക്കേണ്ടി വരും. സി.പി.ഒ റാങ്ക് പട്ടികയിലുൾപ്പെട്ടവരെ ഈ കണക്കുകളൊന്നും ആശ്വസിപ്പിക്കുന്നില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് വിവാദത്തിൽ പെട്ടവർക്കായി റാങ്ക് തിരിമറി നടന്നെന്ന ആക്ഷേപത്തിൽ കുറച്ചുകാലം നിയമനം മരവിപ്പിച്ചുനിറുത്തിയതും, കൊവിഡ് ലോക്ക് ഡൗൺ ഒരു വർഷത്തോളം സർക്കാർ സർവീസിനെ ബാധിച്ചതുമെല്ലാം നിയമനം തടയപ്പെടാൻ ഇടയാക്കിയെന്നാണ് ഉദ്യോഗാർത്ഥികളുടെ വാദം.

പൊലീസ് തിരുവനന്തപുരം നന്ദാവനത്തെ പൊലീസ് ക്യാമ്പിലേക്ക് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ റാങ്ക് ജേതാക്കളെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ കെ.എസ്. ശബരിനാഥൻ പൊലീസിനോട് നടത്തുന്ന അഭ്യർത്ഥന സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. 'ഉദ്യോഗാർത്ഥികൾ ജോലി നേടാനുള്ളവരാണ്, കേസെടുത്ത് അവരുടെ സാദ്ധ്യത തടയരുത്, പകരം എന്നെ അറസ്റ്റ് ചെയ്യൂ' എന്ന ശബരിനാഥന്റെ വിലാപം തൊഴിലില്ലായ്മപ്രശ്നത്തിൽ അങ്ങേയറ്റം വൈകാരികമാകുന്നു. സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയും പാതിരാവോളം ചർച്ചയ്ക്ക് സന്നദ്ധമായതും വെറുതെയല്ല.

മാണി സി.കാപ്പനും എൻ.സി.പിയും

മാണി സി.കാപ്പന്, ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.എം സ്വാഭാവികനീതി നിഷേധിച്ചുവെന്ന അവരുടെ വികാരം പാലാ മണ്ഡലത്തിൽ ഭൂരിപക്ഷവും ഉൾക്കൊള്ളുന്നു. ജോസ് കെ.മാണി ഇടതുപാളയത്തിലെത്തുമ്പോൾ പാലാ വിട്ടുനൽകേണ്ടി വരുമെന്നുറപ്പായിരുന്നു. അപ്പോൾ ഒന്നരവർഷം മാത്രം അവിടെ എം.എൽ.എ ആയി ഇരിക്കുന്ന കാപ്പനെ വിളിച്ച് സംസാരിക്കുകയെങ്കിലും ആവാമായിരുന്നില്ലേയെന്ന് കാപ്പൻ അനുകൂലികളുയർത്തുന്ന ചോദ്യം പ്രസക്തം.

പാലായിൽ ഇടതുപക്ഷ അനുഭാവികൾ, സി.പി.എമ്മുകാർ, എല്ലാം കാപ്പന്റെ വികാരം പങ്കുവയ്ക്കുന്നുവെന്ന തിരിച്ചറിവിലാണ് കഴിഞ്ഞ ദിവസം ആ വികാരത്തെ അനുകൂലമാക്കിയെടുക്കാനുള്ള തന്ത്രം കാപ്പൻ പയറ്റിയത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയെ പാലായിൽ സ്വീകരിച്ച കാപ്പൻ മുഖ്യമന്ത്രിയെ പുകഴ്ത്തിപ്പറഞ്ഞത് ഇതിനോട് കൂട്ടിവായിച്ചാൽ മതി.

കാപ്പനോട് അനുഭാവമാണ് എൻ.സി.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരന്. മന്ത്രി എ.കെ. ശശീന്ദ്രൻ പക്ഷേ ഇടതുചേരി വിട്ടുമാറാനൊരുക്കമല്ല. ശരദ് പവാറും പ്രഫുൽ പട്ടേലുമടങ്ങുന്ന എൻ.സി.പിയുടെ ദേശീയനേതൃത്വവും കാപ്പനോടുണ്ടായ അനീതിയെ മനസുകൊണ്ട് അംഗീകരിക്കുന്നില്ല. പക്ഷേ എന്നിട്ടും പവാർ കാപ്പന് വേണ്ടിയുള്ള മുന്നണിമാറ്റത്തിന് സന്നദ്ധമാവാതിരുന്നത് എന്തുകൊണ്ടാണ്?

അഖിലേന്ത്യാതലത്തിൽ കർഷകസമരത്തിന്റെയും മറ്റും തുടർച്ചയായി പവാറിനെ മുൻനിറുത്തിയുള്ള പ്രതിപക്ഷബദലിന് സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുന്നു. കോൺഗ്രസിന് അതിനോട് അത്ര പ്രതിപത്തിയില്ല. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരിയും ഡി. രാജയും പവാറിനോട് ശക്തമായ മാനസികാഭിമുഖ്യം പ്രകടിപ്പിക്കുന്നു. കേരളത്തിലെ ഇടതുസർക്കാർ മോദിയുടെയും അമിത്ഷായുടെയും രാഷ്ട്രീയ കരുനീക്കങ്ങൾക്ക് നിന്നുകൊടുക്കാതെ പൊരുതുന്നുവെന്ന വികാരമാണ് പവാറിന്. കേരളത്തിലൊരു തുടർഭരണ സാദ്ധ്യതയുണ്ടെന്ന തോന്നൽ പവാറിലുണർത്തപ്പെട്ടിരിക്കുന്നു.

പാലായിൽ ഐശ്വര്യകേരള യാത്രയ്‌ക്ക് കാപ്പനും സംഘവുമൊരുക്കിയ സ്വീകരണം സംഘാടക മികവിനാൽ ഒരു സംഭവമായി. സ്പാർക്കിൽ രജിസ്റ്റർ ചെയ്യപ്പെട്ട 1.17ലക്ഷം താത്‌കാലിക ജീവനക്കാരുടെ കണക്ക് വിവരാവകാശ നിയമത്തിലൂടെ പുറത്തെത്തിച്ച കെ.പി.സി.സി സെക്രട്ടറി പ്രാണകുമാറാണ്, പാലാ സംഭവത്തിന് പിന്നിലും പ്രവർത്തിച്ചതെന്നത് കോൺഗ്രസിനകത്തിപ്പോൾ ചർച്ചയാണ്.

മാണി സി.കാപ്പനേക്കാൾ ടി.പി. പീതാംബരന്റെ നിസഹായതയാണ് എൻ.സി.പി രാഷ്ട്രീയത്തിലെ കൗതുകം. കാപ്പന്റെ രക്തസാക്ഷിത്വത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടാവുന്ന പരിവേഷമെന്താകുമെന്നും കണ്ടറിയാം.

കെ. സുധാകരനും ചില്ലറ വിവാദങ്ങളും

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര ഒരു വഴിക്ക് നീങ്ങുമ്പോഴാണ് സമാന്തരമായ രാഷ്ട്രീയചലനങ്ങൾ കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിൽ പലതിനും യാത്രയുമായി ബന്ധമില്ലെങ്കിലും കാപ്പന്റെ വരവും കെ. സുധാകരന്റെ പ്രസംഗവും യാത്രയ്ക്ക് ഒരു പേരുണ്ടാക്കിക്കൊടുത്തത് കാണാതിരിക്കാനാവില്ല.

"പിണറായിയുടെ കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബമാ...പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്നൊരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളിവർഗത്തിന്റെ അപ്പോസ്തലൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു..."- ഐശ്വര്യകേരള യാത്രയുടെ കണ്ണൂർ സ്വീകരണച്ചടങ്ങിൽ സുധാകരൻ പ്രസംഗിച്ചു.

ഇത് മുഖ്യമന്ത്രിക്കെതിരായ ജാതീയാധിക്ഷേപമെന്ന നിലയിൽ കേരളമെമ്പാടും ചർച്ചയായി. സുധാകരൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് എം.എൽ.എയായ ഷാനിമോൾ ഉസ്മാനാണ് ആവശ്യപ്പെട്ടത്. പക്ഷേ, സുധാകരൻ രൂക്ഷമായി ഇതിനോട് വിയോജിച്ചു. സുധാകരനെ ആദ്യം തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തൊട്ടടുത്ത ദിവസം തിരുത്തി. കോൺഗ്രസ് നേതാക്കളെല്ലാം നാടൻശൈലിയെന്ന് ന്യായീകരിച്ച് സുധാകരനെ തുണച്ചു. സുധാകരനോട് തിരിച്ച് മാപ്പ് ചോദിച്ചു, ഷാനിമോൾ.

സമൂഹമാദ്ധ്യമങ്ങളിൽ കെ.എസ് ബ്രിഗേഡ് കൂട്ടായ്മയിലൂടെ ഉയർന്നുവന്ന അണികളുടെ രോഷം കോൺഗ്രസ് നേതൃത്വത്തെ വിറപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം. ഉമ്മൻ ചാണ്ടിയുടേത് അർത്ഥഗർഭമായ മൗനമായിരുന്നു. സുധാകരനുള്ള അണികളുടെ പിന്തണയും മുഖ്യമന്ത്രിക്കെതിരായ അവരുടെ രോഷവും തിളച്ചുമറിഞ്ഞപ്പോൾ, ആ കടുത്ത യാഥാർത്ഥ്യം ഉൾക്കൊള്ളുകയെന്ന മാനസികാവസ്ഥയിലേക്ക് മാറലല്ലാതെ കോൺഗ്രസ് നേതാക്കൾക്ക് നിവൃത്തിയില്ലായിരുന്നു.

വിവാദം കെട്ടടങ്ങിയത്, മുഖ്യമന്ത്രി സുധാകരനെ തന്ത്രപൂർവം കൈകാര്യം ചെയ്തപ്പോഴായിരുന്നു. ചെത്തുകാരന്റെ മകനായതിൽ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു.

സുധാകരൻ പറഞ്ഞത് രാഷ്ട്രീയവൈകാരികതയുടെ അളവുകോൽ വച്ചളക്കുമ്പോൾ അണികളെ ആവേശം കൊള്ളിച്ചിട്ടുണ്ടാകാം. ഹെലികോപ്റ്റർ ധൂർത്ത് എന്നതാണ് അതിന്റെ രാഷ്ട്രീയമാനം. സൂക്ഷ്മമായി ചിന്തിച്ചാൽ പ്രാകൃത ജാതിവിവേചനത്തിന്റെ സൂചന അതിലൊളിഞ്ഞ് കിടപ്പുണ്ടെന്ന് കാണാതെ വയ്യ.

ഉത്തരേന്ത്യയിൽ നിന്ന് ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറിത്തുടങ്ങിയതോടെയാണ് കേരളത്തിൽ ജാതികേന്ദ്രീകൃത സമൂഹം രൂപപ്പെടുന്നതെന്നാണ് ചരിത്രം. കേരളത്തിൽ ജാതിവ്യവസ്ഥ സ്ഥാപിച്ചത് ബ്രാഹ്മണരാണ്. അതനുസരിച്ച് കള്ളുചെത്തും വൈദ്യവും തൊഴിലായി സ്വീകരിച്ചവരായി ഈഴവർ. തരിസാപ്പള്ളി ശാസനമനുസരിച്ച് ഈഴവർ കൃഷിക്കാരാണ്. ബ്രാഹ്മണർ ജാതിസമ്പ്രദായം ഏർപ്പെടുത്തിയപ്പോൾ കർഷക വിഭാഗത്തെ അവർണരായി മുദ്രകുത്തി പുറന്തള്ളിയെന്ന് വില്യംലോഗന്റെ മലബാർ മാന്വൽ സൂചിപ്പിക്കുന്നുണ്ട്.

തങ്ങൾക്ക് മുകളിലുള്ളവർ ഉന്നതരും ആദരിക്കപ്പെടേണ്ടവരും, താഴെയുള്ളവർ മ്ലേച്ഛരും അകറ്റി നിറുത്തപ്പെടേണ്ടവരുമാണെന്നും അവരുടെ അവകാശങ്ങളെ ഹനിക്കാൻ തങ്ങൾക്ക് ധാർമ്മികബാദ്ധ്യതയുണ്ടെന്നും തോന്നിപ്പിക്കുന്ന സ്വാഭാവികമായ മാനസികാവസ്ഥയാണല്ലോ ജാതി. അപ്പോൾ കേരളീയ സമൂഹത്തിൽ കാലങ്ങളായി നിലനിന്നുപോരുന്ന വംശീയവും ജാതീയവുമായ മുൻവിധികളുടെയും അത് നമ്മുടെ മനോഘടനയിൽ ചെലുത്തുന്ന സ്വാധീനത്തിന്റെയും ആവിഷ്കാരമാണ് കെ. സുധാകരന്റെ പരാമർശമെന്ന ഡോ.സുനിൽ പി. ഇളയിടത്തിന്റെ നിരീക്ഷണം അർത്ഥവത്താണ്.

അതിനെ കവച്ചുവയ്ക്കുന്ന തരത്തിലേക്ക് രാഷ്ട്രീയ കോലാഹലങ്ങൾ മാറുന്നിടത്താണ് തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ നീതിശാസ്ത്രം രൂപപ്പെടുന്നത്. എന്തായാലും മാറിമറിയുന്ന വിവാദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ചിന്തിച്ചാൽ കേരളത്തിൽ പരമ്പരാഗത മുന്നണികൾക്ക് വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ സാദ്ധ്യത തുല്യംതുല്യമായി മാറുന്നെന്ന് കരുതേണ്ടിയിരിക്കുന്നു.