ginger

സിഞ്ചിബെറേസിയേ കുടുംബത്തിലെ സിഞ്ചിബെർ ഒഫീഷിനേൽ എന്ന സസ്യനാമമുള്ള ഔഷധച്ചെടിയാണ് ഇഞ്ചി. ഏഷ്യയിൽ എല്ലായിടത്തും ഇത് സമൃദ്ധമായി വളരുന്നുണ്ട്. ഭൂമിക്കടിയിൽ വളരുന്ന കന്ദമാണ് ഔഷധയോഗ്യഭാഗം. ഉണക്കാതെ ഉപയോഗിക്കുന്നത് ഇഞ്ചിയും ഉണക്കി ഉപയോഗിക്കുന്നത് ചുക്കുമാണ്. ഇവ രണ്ടും ആഹാരമായും ഔഷധമായും വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു. എന്നാൽ, ഇഞ്ചിയുടെ നേർവിപരീതമായ ഗുണങ്ങളും ഔഷധ ഉപയോഗവുമാണ് ചുക്കിനുള്ളത്. ഇത് മനസിലാക്കാതെ രണ്ടും ഒന്നല്ലേ എന്ന് കരുതി ഒരുപോലെ ഉപയോഗിക്കുന്നവർക്ക് ഗുണത്തേക്കാൾ ദോഷമുണ്ടാകാനാണ് സാദ്ധ്യത.

ജലദോഷം കുറയുന്നതിന് ഇഞ്ചിനീര് തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ കുറയുന്നതിനും നല്ല വിശപ്പുണ്ടാകുന്നതിനും ഗ്യാസിന്റെ പ്രയാസം മാറുന്നതിനും ഇഞ്ചി ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇഞ്ചിക്കറിയുടെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?

പ്രസവിച്ച സ്ത്രീകളും പനി മാറിയവരും ആഹാരമായി ഇഞ്ചി ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. ഇഞ്ചിക്കറിയായോ, ചമ്മന്തിയായോ, മറ്റു കറികളിൽ ചേർത്തോ ഉപയോഗിക്കാം.

ചുക്ക് ശരീരോഷ്മാവ് വർദ്ധിപ്പിക്കുന്നതും ത്വക്കിന് ഗുണകരമായതും വിശപ്പിനെ വർദ്ധിപ്പിക്കുന്നതുമാണ്. വയറുവേദന, തലവേദന, വാത രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നതും ഉൻമേഷം നൽകുന്നതും വേദന കുറയ്ക്കുന്നതും യുവത്വം നിലനിർത്താൻ സഹായിക്കുന്നതും കഫത്തെ അലിയിപ്പിച്ചു കളയുന്നതും ദഹനത്തെ സഹായിക്കുന്നതുമാണ് ചുക്ക്.

വയറുവീക്കം, സന്ധിവേദന,ആസ്ത്മ, ചുമ, വയറിളക്കം, ഗ്യാസ്, വിശപ്പില്ലായ്മ, രുചിയില്ലായ്മ, വിളർച്ച, അർശസ്, മനംപിരട്ടൽ, ചർദ്ദി,മന്ത്,നീര് എന്നിവയ്ക്ക് ശമനൗഷധമായി ചുക്ക് പ്രവർത്തിക്കുന്നു.

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതും, സ്വരം നന്നാകാൻ സഹായിക്കുന്നതുമാണ് ചുക്ക്. ഇഞ്ചി ചായ, ചുക്ക് കാപ്പി എന്നിവയുടെ സ്വീകാര്യത നമുക്ക് ബോദ്ധ്യമുള്ളതാണല്ലോ? രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധങ്ങളിൽ ഇവ പ്രധാനമാണ്.

ആധുനിക വേദനാസംഹാരികൾക്ക് പകരമായി വാതരോഗങ്ങളിൽ ചുക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഓസ്റ്റിയോ ആർത്രൈറ്റിസിന് ചുക്ക് ചേർന്ന സംയുക്തങ്ങൾ വളരെ ഉപയോഗപ്രദമാണ്.

കാൽ പാദത്തിലും അല്ലാതെയുമുണ്ടാകുന്ന നീര് ശമിക്കുന്നതിന് ചുക്കുപൊടി അതിന്റെ ഇരട്ടി കരുപ്പട്ടി ചേർത്ത് രാത്രി കഴിക്കാം. എന്നാൽ,​ നെഞ്ചെരിച്ചിൽ, മലബന്ധം എന്നിവ സ്ഥിരമായിട്ടുള്ളവർ ചുക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തണം.

മലശോധന ശരിയായി ലഭിക്കുന്നതിന് ഇഞ്ചി പ്രയോജനപ്പെടുമെങ്കിൽ അതിസാരത്തിലും, മലം അധികമായും പലതവണയായും പോകുന്ന രോഗങ്ങളിൽ ചുക്കാണ് പ്രയോജനപ്പെടുന്നത്.

നീരിനെ കുറയ്ക്കുന്ന ലേപങ്ങൾ, കഷായം, പാനീയങ്ങൾ, അരിഷ്ടങ്ങൾ, ആസവങ്ങൾ, ഗുളികകൾ, മൂക്കിലിറ്റിക്കുന്ന മരുന്നുകൾ എന്നിങ്ങനെ വിവിധങ്ങളായ ഔഷധ നിർമ്മാണത്തിന് ചുക്ക് ഉപയോഗിക്കുന്നുണ്ട്.

ചുക്കില്ലാത്ത കഷായങ്ങൾ ആയുർവേദത്തിൽ നിരവധിയുണ്ടെങ്കിലും ചുക്കില്ലാത്ത കഷായമുണ്ടോ എന്ന ചൊല്ല് ചുക്ക് ഉപയോഗിച്ചുള്ള വിവിധ ഔഷധപ്രയോഗങ്ങളെ സൂചിപ്പിക്കുന്നു. ചുക്ക് ഒഴിവാക്കാനാകാത്ത ഒരു ഔഷധമാണെന്ന സൂചനയും ഇത് നൽകുന്നുണ്ട്.