
ചോക്ലേറ്റ് ഹീറോ ഇമേജിൽ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനടനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചനെ പോലെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും. പ്രണയദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഓർമ്മകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ചാക്കോച്ചൻ എഴുതിയ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പ്രണയിച്ചിരുന്ന കാലത്ത് പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പെഴുതിയ കത്തുകൾ കുഞ്ചാക്കോ ബോബൻ ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ് ഇപ്പോൾ.ആ വാക്കുകളിലേക്ക്...
ഇത് വർഷം 1999. അന്ന് മുതൽ ഇവളാണ് എന്റെ വാലന്റൈൻ. ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. എനിക്ക് ആ കാലത്ത് ലഭിച്ചിരുന്ന പ്രണയ ലേഖനങ്ങളെ കുറിച്ച് ഒരുപാടുപേർ ചോദിക്കാറുണ്ട്. ഇത് പക്ഷെ ഞാൻ എഴുതിയവയാണെന്ന് പറയുന്നു കുഞ്ചാക്കോ ബോബൻ. പ്രിയ കുഞ്ചാക്കോ പ്രിയ ആൻ സാമുവലായിരുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം കുറിക്കുന്നു. എല്ലാവർക്കും വാലന്റൈൻസ് ദിനാശംസകൾ നേർന്ന കുഞ്ചാക്കോ ബോബൻ എല്ലാ ദിവസവും സ്‌നേഹത്താലും സന്തോഷത്താലും നിറയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവിൽ 2005 ലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. പോസ്റ്റിന് കമന്റുകളുമായി ദുൽഖർ സൽമാൻ, നിമിഷ സജയൻ, ജോജു ജോർജ്, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, രമേശ് പിഷാരടി തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഇന്ന് ഇൻസ്റ്റഗ്രാമിൽ കണ്ട ഏറ്റവും സ്വീറ്റായ പോസ്‌റ്റെന്നാണ് ദുൽഖർ കുറിച്ചത്. റ്റൂ റ്റൂ ക്യൂട്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മകൻ ഇസഹാഖിന്റെ ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരുന്നു.
കുഞ്ചാക്കോ ബോബന്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങാനിരിക്കുകയാണ്. ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ഭീമന്റെ വഴിയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയ്ക്ക് ശേഷം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരികെ വരുന്ന ഒറ്റിലും ചാക്കോച്ചനുണ്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ വിവരം കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. 25 വർഷങ്ങൾക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്നത്. നയൻതാരയോടൊപ്പം അഭിനയിക്കുന്ന നിഴൽ ചാക്കോച്ചന്റെ മറ്റൊരു ചിത്രമാണ്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. നയൻതാരയുമൊത്ത് ഇതാദ്യമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ജിസ് ജോയി ചിത്രം മോഹൻ കുമാർ ഫാൻസ്, നായാട്ട്, പട, മറിയം ടൈലേഴ്സ് തുടങ്ങിയ ചിത്രങ്ങളും അണിയറയിലൊരുങ്ങുന്നുണ്ട്.