pakalveedu

കല്ലമ്പലം: നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം നാവായിക്കുളത്ത് വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീട്ടിൽ താമസം അന്യസംസ്ഥാന തൊഴിലാളികൾ. രാത്രിയിൽ മദ്യപാനവും ചീട്ടുകളിയും.

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കായാണ് നാവായിക്കുളത്ത് പകൽവീട് നിർമ്മിച്ചത്. 2020 ഒക്ടോബർ 2ന് അടൂർ പ്രകാശ് എം.പിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് പകൽവീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ വൃദ്ധർക്ക് തണലാകുക എന്നതാണ് പകൽവീടിലൂടെ പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ ഇപ്പോൾ പകൽവീട്ടിൽ ഒരാളെ പോലും പ്രവേശിപ്പിക്കാതെ പൂട്ടിയിടുകയും അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനായി വിട്ടുകൊടുത്തിരിക്കുകയുമാണ്. ഇവർക്ക് ചീട്ടുകളിക്കാനും ലഹരിവസ്തുക്കൾ ഉപയോഗിക്കാനും പറ്റിയ ഇടമായി മാറി പകൽവീട്.

നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് എതിർവശത്ത് ആയുർവേദ ആശുപത്രിക്ക് സമീപത്താണ് പകൽവീട്. 2018 -2019 വർഷത്തിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 2020 ജനുവരിയോടെ നിർമ്മാണം പൂർത്തിയായി. പത്തു ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. കൂടാതെ ഫർണിച്ചറിന് ഒരു ലക്ഷവും ജീവനക്കാരുടെ ഓണറേറിയം ഒരു ലക്ഷവും അനുവദിച്ചു. എന്നിട്ടും ഒരു ദിവസം പോലും പകൽവീട് പ്രവർത്തിച്ചില്ല.