d

തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം നടക്കുന്നതിനിടെ ഇന്നലെ സെക്രട്ടേറിയറ്റ് നട പ്രതിഷേധക്കളമായി. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെയും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ്, സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്, കംപാഷനേറ്റ് എംപ്ളോയീസ് അസോസിയേഷൻ, കായിക അദ്ധ്യാപക റാങ്ക് ഹോൾഡേഴ്സ്, യൂത്ത് കോൺഗ്രസ് നിരാഹര സമരം,​ ഓൾ കേരള ഹയർ സെക്കൻഡറി റാങ്ക് ഹോൾഡേഴസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരങ്ങളുടെ വേലിയേറ്റം കാരണം ഇന്നലെ ഇതുവഴിയുള്ള ഗതാഗതം സ്‌തംഭിച്ചു. ബസുകൾ വഴി തിരിച്ചുവിട്ടു.

എൽ.ജി.എസ് റാങ്ക്

ഹോൾഡേഴ്സ്

പ്രത്യേക മന്ത്രിസഭ യോഗത്തിൽ റാങ്ക് ഹോൾഡേഴ്സിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിൽ ഇഴഞ്ഞ് നടത്തിയ സമരത്തിനിടെ ഇടുക്കി സ്വദേശി മനു,​ തിരുവനന്തപുരം സ്വദേശി അമ്മു എന്നിവക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്

ഒരാഴ്ചയായി തുടരുന്ന സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന്റെ ഭാഗമായി ഇന്നലെ ഉദ്യോഗാർത്ഥികൾ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. സർക്കാരും അധികൃതരും ചർച്ചയ്‌ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ഉദ്യോഗാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു. കൂടുതൽ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും സമരത്തിനെത്തിയിരുന്നു.

കംപാഷനേറ്റ് എംപ്ളോയിസ് അസോസിയേഷൻ

ആരോഗ്യവകുപ്പിൽ ആശ്രിത നിയമനത്തിനുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കംപാഷനേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. ആശ്രിത നിയമനത്തിന്റെ റിപ്പോർട്ടുകൾ മറച്ചുവച്ച് താത്കാലിക നിയമനങ്ങൾ നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും അർഹതപ്പെട്ടവർക്ക് ജോലി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഹയർ സെക്കൻഡറി റാങ്ക്

ഹോൾഡേഴസ് അസോസിയേഷൻ

റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഹയർ സെക്കൻഡറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി ജൂനിയർ തസ്‌തികകളിലേക്ക് നിയമനം നടത്തണെന്ന ആവശ്യം ഉന്നയിച്ചാണ് ധർണ നടത്തിയത്.

അഭിവാദ്യം അർപ്പിച്ച് നേതാക്ക

വിവിധ സമരങ്ങളെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി അഭിസംബോധന ചെയ്‌തു. കോൺഗ്രസ് നേതാക്കളായ പീതാംബരക്കുറുപ്പ്, വർക്കല കഹാർ തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ് എന്നിവരും വിവിധ സമരങ്ങളെ അഭിസംബോധന ചെയ്യാനെത്തി.