
തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിക്കുമ്പോൾ സെക്രട്ടേറിയറ്റിന് പുറത്ത് റാങ്ക് ലിസ്റ്റുകാർ മുട്ടിലിഴഞ്ഞ് യാചനാസമരം നടത്തുകയായിരുന്നു. പൊള്ളുന്ന വെയിലിൽ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് മുന്നിൽ നിന്നും സമരപ്പന്തലിലേക്ക് പെൺകുട്ടികളടക്കമുള്ള സമരക്കാർ മുട്ടിലിഴഞ്ഞു.പലരുടെയും പാന്റുകൾ കീറി മുട്ടിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ചിലർ കുഴഞ്ഞുവീണു. 21 ദിവസമായി തുടരുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമാക്കാനുള്ള ആലോചനയിലാണ് റാങ്ക് ലിസ്റ്റുകാർ. മറ്റു റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെയും സമരത്തിന്റെ ഭാഗമാക്കും. ഹോമിയോപ്പതി അറ്റൻഡർ റാങ്ക് ഹോൾഡേഴ്സ് ഇന്ന് മുതൽ സമരത്തിൽ അണിചേരും. അതേസമയം സർക്കാരിന്റെ ഭാഗം സമരക്കാരെ ബോദ്ധ്യപ്പെടുത്തണമെന്ന് ഇന്നലെ എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് തുടങ്ങിയ നിരാഹാരസമരം ഇന്നലെ രണ്ടാം ദിവസം പിന്നിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനുമാണ് നിരാഹാരം കിടക്കുന്നത്. സമരം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്, പി.സി. വിഷ്ണുനാഥ്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തുടങ്ങിയവർ ഇന്നലെ സമര പന്തൽ സന്ദർശിച്ചു. ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റുകളിലുള്ളവരാണ് 21 ദിവസമായി സമരം ചെയ്യുന്നത്.
അധിക തസ്തികകൾ സൃഷ്ടിച്ചാൽ കൂടുതൽ സാമ്പത്തിക ബാദ്ധ്യതവരുമെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ അവർക്കെവിടെ നിന്നാണ് ശമ്പളം കൊടുക്കുക.
ലയരാജേഷ്
സെക്രട്ടറി , റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ
250 താത്കാലികക്കാരെ കൂടി സ്ഥിരപ്പെടുത്തി
250 താത്കാലിക, കരാർ ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്താനും
വയനാട് മെഡിക്കൽ കോളേജ് അടക്കം മറ്റു സ്ഥാപനങ്ങളിലേക്ക് 261 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പി.എസ്.സിക്ക് വിട്ട തസ്തികകളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പിൽ ഡ്രൈവർ തസ്തികയിൽ ദിവസക്കൂലിയടിസ്ഥാനത്തിൽ ജോലി നോക്കുന്നയാളും സ്ഥിരപ്പെടുത്തിയവരിൽപ്പെടും.