ddd

ആറ്റിങ്ങൽ: വാമനപുരം നദിയിലെ വെള്ളം ദിവസംതോറും കുറയുന്നത് ആശങ്ക ഉയർത്തുന്നു. കുടിവെള്ള പദ്ധതികൾക്കായി പൂവമ്പാറയിൽ നിർമ്മിച്ചിട്ടുള്ള തടയണയുടെ ഉയരം കഴിഞ്ഞ വേനലിന് മുൻപ് താത്കാലികമായി കൂട്ടിയെങ്കിലും പ്രയോജനപ്പെട്ടില്ല. കുടിവെള്ള പ്രശ്നം രൂക്ഷമാകാതിരിക്കാൻ ഡാം പണിയണമെന്നാവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.
കായലിൽ നിന്നുള്ള വെള്ളം കയറി കുടിവെള്ള പദ്ധതികളിൽ ഉപ്പ് കലരാതിരിക്കാനാണ് പൂവൻപാറ പാലത്തിന് സമീപം തടയണ നിർമ്മിച്ചത്. ഇത് ആറ്റിങ്ങൽ, വർക്കല താലൂക്കുകളിലെ പദ്ധതികൾക്ക് കഴിഞ്ഞ വേനലിൽ വലിയ ആശ്വാസമായി. എന്നാൽ തടയണയ്ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ നദിയിലെ മറ്റ് പദ്ധതികൾക്ക് വേണ്ടത്ര വെള്ളം ലഭിച്ചില്ല.
നെടുമങ്ങാട് താലൂക്കിലെ ചെല്ലഞ്ചി കേന്ദ്രീകരിച്ച് ഒരു ഡാം നിർമ്മിക്കുന്നതിന് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായിട്ടില്ല. ഇവിടെ ഒരു മീറ്റർ ഉയരത്തിൽ ഒരു തടയണ മാത്രം നിർമ്മിച്ചിട്ടുണ്ട്.

2017ലെ വേനലിനെ തുടർന്ന് വാമനപുരം, അയിലം, മുള്ളിയിൽക്കടവ് എന്നിവിടങ്ങളിൽ തടയണകൾ പണിയാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ അടുത്ത മഴയോടെ ഈ തീരുമാനവും ഒലിച്ചുപോയി.
ജില്ലയിലെ മൂന്ന് താലൂക്കിലെ ജനങ്ങളുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ഡാം നിർമ്മാണം അത്യാവശ്യമാണെന്ന നിലപാടിലാണ് നാട്ടുകാർ.

അതുപോലെ പൂവമ്പാറയിലെ തടയണയുടെ സ്ഥിരം ഉയരം 3.4 മീറ്ററാക്കുന്നതിന് നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.