ddd

ആറ്റിങ്ങൽ: വേനൽ കടുക്കുന്നതോടെ വാമനപുരം നദിയിലെ പദ്ധതികൾ വഴിയുള്ള കുടിവെള്ളവിതരണം പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കാൻ ഡാം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടിവെള്ള പദ്ധതികൾക്കായി പൂവമ്പാറയിൽ നിർമ്മിച്ചിട്ടുള്ള തടയണയുടെ ഉയരം കഴിഞ്ഞ വേനലിന് മുമ്പ് താത്കാലികമായി കൂട്ടിയെങ്കിലും പ്രയോജനപ്പെട്ടില്ല. കായലിൽ നിന്നുള്ള വെള്ളം കയറി കുടിവെള്ള പദ്ധതികളിൽ ഉപ്പ് കലരാതിരിക്കാനാണ് പൂവൻപാറ പാലത്തിന് സമീപം തടയണനിർമ്മിച്ചത്. ഇത് ആറ്റിങ്ങൽ, വർക്കല താലൂക്കുകളിലെ പദ്ധതികൾക്ക് കഴിഞ്ഞ വേനലിൽ വലിയ ആശ്വാസമായി. എന്നാൽ തടയണയ്ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ നദിയിലെ മറ്റ് പദ്ധതികൾക്ക് വേണ്ടത്ര വെള്ളം ലഭിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. നെടുമങ്ങാട് താലൂക്കിലെ ചെല്ലഞ്ചി കേന്ദ്രീകരിച്ച് ഒരു ഡാം നിർമ്മിക്കുന്നതിന് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഇവിടെ ഒരു മീറ്റർ ഉയരത്തിൽ ഒരു തടയണ മാത്രം നിർമ്മിച്ചിട്ടുണ്ട്. 2017ലെ വേനലിനെ തുടർന്ന് വാമനപുരം, അയിലം, മുള്ളിയിൽക്കടവ് എന്നിവിടങ്ങളിൽ തടയണകൾ പണിയാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ നടപടിയുണ്ടായില്ല. ജില്ലയിലെ മൂന്ന് താലൂക്കിലെ ജനങ്ങളുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ഡാം അത്യാവശ്യമാണെന്ന നിലപാടിലാണ് നാട്ടുകാർ. പൂവമ്പാറയിലെ തടയണയുടെ ഉയരം 3.4 മീറ്ററാക്കുന്നതിന് നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

വാമനപുരം നദീജല ഗുണഭോക്താക്കൾ - ആറ്റിങ്ങലിൽ മാത്രം 46,000
പദ്ധതികളുടെ എണ്ണം : 38
 പ്രധാന പ്രശ്നം - നദിയിലെ ജല നിരപ്പ് കുറയുന്നു

പ്രധാന ആവശ്യങ്ങൾ

1. നദിയിൽ ഡാം നിർമ്മിക്കണം
2. തടയണകളുടെ ഉയരം കൂട്ടണം

ഉപയോഗം കൂടുതൽ

ഒരു വർഷത്തിനിടെ പുതിയ പദ്ധതികൾ വാമനപുരം നദിയിൽ നടപ്പിലാക്കിയിട്ടുണ്ട്. വലിയ തോതിലാണ് ഓരോ ദിവസവും നദിയിൽ നിന്ന് വെള്ളമെടുക്കുന്നത്. കഴക്കൂട്ടം, മേനംകുളം എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും ഈ നദിയിൽ തന്നെയാണ്. നെടുമങ്ങാട് താലൂക്കിന്റെ പകുതിയിലധികം പ്രദേശങ്ങളിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ള വിതരണം നടത്തുന്നതിന് വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇത്രയധികം പ്രയോജനമുള്ള ഒരു ജലസ്രോതസായിട്ടും ജലം സംഭരിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗുണഭോക്താക്കളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്.

വാമനപുരം നദിയിൽ ഡാം വേണമെന്നാവശ്യത്തെക്കുറിച്ച് മന്ത്രി തലത്തിൽ മൂന്നു വർഷം മുമ്പ് ചർച്ച നടന്നിരുന്നു. വിതുര ഭാഗത്ത് ഡാം നിർമ്മിച്ചാൽ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അത് സംബന്ധിച്ച കാര്യങ്ങൾ നടപ്പായില്ല. നാട്ടുകാരുമായി ചർച്ച നടത്തി പദ്ധതി നടപ്പാക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വർഷങ്ങളുടെ കാലതാമസമുള്ളതിനാൽ അടിയന്തരമായി രണ്ട് സ്ഥിരം തടയണകൾ നിർമ്മിക്കാനാണ് നീക്കം.

അഡ്വ. ബി. സത്യൻ എം.എൽ.എ

ദിനംപ്രതി വാമനപുരം നദിയിൽ ജലനിരപ്പ് കുറയുകയാണ്. പൊതുജനങ്ങൾ വെള്ളം കരുതലോടെ ഉപയോഗിക്കണം. വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കും പൈപ്പ് വെള്ളം ഉപയോഗിക്കരുത്. പിടിക്കപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും.

വാട്ടർ അതോറിട്ടി അധികൃതർ, ആറ്റിങ്ങൽ