modi-

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയുമായി നാനോ സാറ്റലൈറ്റ് ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹം വിക്ഷേപിക്കുന്ന പി.എസ്.എൽ.വി.സി-51 റോക്കറ്റിലാണ് ഇന്ത്യൻ ഉപഗ്രഹമായ എസ്.ഡി.സാറ്റിന്റെ (സതീഷ് ധവാൻ സാറ്റലൈറ്റ്) യാത്ര. ഇന്ത്യൻ ഉപഗ്രഹവിക്ഷേപണ സാങ്കേതിക വിദ്യയുടെ പിതാവായാണ് സതീഷ് ധവാൻ അറിയപ്പെടുന്നത്.

ഇന്ത്യൻ സ്റ്റാർട്ടപ്പായ സ്പെയ്സ് കിഡ്സ് ഇന്ത്യ നിർമ്മിച്ച ഉപഗ്രഹമാണ് ഐ.എസ്.ആർ.ഒയുടെ സഹായത്തോടെ വിക്ഷേപിക്കുന്നത്. പരിപൂർണമായും ഇന്ത്യയിൽ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ഉപഗ്രഹമാണിത്.

ആത്മനിർഭർ ഭാരത് പദ്ധതിക്ക് നൽകിയ പ്രചോദനമാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്താൻ കാരണമെന്നാണ് നിർമ്മാതാക്കൾ പറയുന്നു.

ഇന്ത്യയിലെ 25000 വ്യക്തികളുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഇവ ജനങ്ങൾ നിർദേശിച്ചതാണ്. വിശിഷ്ട വ്യക്തികൾ മുതൽ വിദ്യാർത്ഥികൾവരെ കൂട്ടത്തിലുണ്ട്. ആയിരം പേരുകൾ വിദേശഇന്ത്യക്കാർ അയച്ചുകൊടുത്തതാണ്. ചെന്നൈയിലെ ഒരു സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും പേരുണ്ട്. ശാസ്ത്രാവബോധം വളർത്താനാണിതെന്ന് സ്പെയ്സ് കിഡ്സ് സി.ഇ.ഒ.ഡോ.ശ്രീമതി കേസൻ പറഞ്ഞു.

ഇതിനെല്ലാം പുറമെ മൂന്ന് ഉപകരണങ്ങൾ എസ്.ഡി. സാറ്റിലുണ്ട്. ബഹിരാകാശത്തെ റേഡിയേഷൻ, ഭൂമിയുടെ കാന്തികവലയം,വാർത്താവിനിമയ സംവിധാനം എന്നിവയുടെ പഠനത്തിനാണിവ.

20 കുഞ്ഞൻമാർ

ആമസോണിയ ഉൾപ്പെടെ ഇരുപതോളം കുഞ്ഞ് സാറ്റലൈറ്റുകളാണ് ബഹിരാകാശത്തേക്ക് പോകുന്നത്. എസ്.ഡി.സാറ്റിന് പുറമെ അക്കാദമി കൺസോർഷ്യത്തിന്റെ മൂന്ന് സാറ്റലൈറ്റുകളും ഐ.എസ്. ആർ.ഒ.യുടെ ഒരു നാനോ സാറ്റലൈറ്റും ഇന്ത്യയിലെ മറ്റൊരു സ്റ്റാർട്ടപ്പായ സിഗ്ഗി സ്പെയ്സ് ടെക്നോളജീസിന്റെ നാനോ ഉപഗ്രഹവും ഇന്ത്യയിൽ നിന്നുള്ളതാണ്. ഇൗ വർഷത്തെ ഐ.എസ്.ആർ.ഒ.യുടെ ആദ്യ വിക്ഷേപണമാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങൾക്കായി തുടങ്ങിയ പുതിയ പൊതുമേഖലാസ്ഥാപനമായ ന്യൂസ്പെയ്സ് ഇന്ത്യ ലിമിറ്റഡാണ് വിക്ഷേപണം നിർവഹിക്കുന്നത്.