
സോളാർ ബോട്ടിൽ സഞ്ചരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം: ദേശീയ ജലപാത സംസ്ഥാനത്തിന്റെ ഗതാഗത - ടൂറിസം രംഗത്തെ പുത്തൻ അദ്ധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്റർ നാടിന് സമർപ്പിക്കുന്നതിനൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തിൽ യാഥാർത്ഥ്യമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജലപാതയിലെ സഞ്ചാരത്തിനായി സിയാൽ കൊച്ചിയിൽ നിർമ്മിച്ച വേമ്പനാട് എന്ന സോളാർ ബോട്ടിൽ വേളിയിൽ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയ്താണ് മുഖ്യമന്ത്രി പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തത്. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി. ജോയി, മേയർ ആര്യാ രാജേന്ദ്രൻ, അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സിയാൽ എം.ഡി വി.ജെ. കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
കോവളം മുതൽ ബേക്കൽ വരെയുള്ള 610 കിലോമീറ്ററാണ് ദേശീയ ജലപാത. കോവളം മുതൽ വേളി വരെയുള്ള ജലപാതയുടെ നവീകരണം പുരോഗമിക്കുകയാണ്. കരിക്കകത്ത് നിലവിലെ നടപ്പാലത്തിനു പകരം ബോട്ടുകൾ വരുമ്പോൾ തുറക്കുന്നതും അല്ലാത്തപ്പോൾ അടയ്ക്കാനാവുന്നതുമായ പാലമാണ് നിർമിക്കുക. കൊല്ലം മുതൽ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റർ ഭാഗം നാഷണൽ വാട്ടർ വേയാണ്. കൊല്ലം മുതൽ കോട്ടപ്പുറം വരെ 168 കിലോമീറ്റർ ഭാഗത്ത് കേന്ദ്രസർക്കാർ സ്ഥാപനമായ ഇൻലാന്റ് വാട്ടർ അതോറിട്ടി ഒഫ് ഇന്ത്യയാണ് പ്രവർത്തനം നടത്തിയത്. വളപ്പട്ടണം മുതൽ മാഹിവരെയും ഹോസ്ദുർഗ് മുതൽ ബേക്കൽവരെയുള്ള ഭാഗത്തെയും പണികളാണ് ശേഷിക്കുന്നത്.
യാത്രയ്‌ക്കൊരുങ്ങി സോളാർ ബോട്ട്
ജലപാതയിൽ സർവീസിനെത്തിച്ച സോളാർ ബോട്ടിൽ 24പേർക്ക് യാത്രചെയ്യാം. ശീതീകരണ സംവിധാനത്തിൽ 12 സീറ്റുകളുള്ള ബോട്ടിന് 15 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുണ്ട്. പത്തു നോട്ടിക്കൽ മൈലാണ് വേഗത. നിലവിൽ
പരീക്ഷണാടിസ്ഥാനത്തിലാണ് ബോട്ടുപയോഗിക്കുന്നത്. സോളാർ സംവിധാനത്തിൽ തകാറുണ്ടായാൽ ഇലക്ട്രിക് ചാർജിലൂടെ പ്രവർത്തിക്കാനും ബോട്ടിൽ സംവിധാനമുണ്ട്.