
തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം നടക്കുന്ന ഇന്നലെ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാൻ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകുടെ ശ്രമം. കനത്ത സുരക്ഷയുള്ളതിനാൽ ശ്രമം പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെ 11.30ഓടെ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകരാണ് ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലുള്ള ബാരിക്കേഡ് മറികടന്ന് അകത്തേക്ക് ചാടിക്കയറാൻ ശ്രമിച്ചത്. എം.ജി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, ഫായിസ് പൂവച്ചൽ, ഡി. നൗഷാദ്, ഷാൻ ബീമാപ്പള്ളി, റാഷിദ് പാച്ചല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. നിരാഹര സമരം നടത്തുന്ന യൂത്ത് കോൺഗ്രസിന്റെ വേദിയുടെ പിറകിലെ മതിലുവഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്തുകടക്കാൻ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കളെത്തി സ്ഥിതി ശാന്തമാക്കി.