secc

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ 14 വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 250

താത്കാലിക, കരാർ ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്താനും

വയനാട് മെഡിക്കൽ കോളേജ് അടക്കം മറ്റു സ്ഥാപനങ്ങളിലേക്ക് 261 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു.

അജൻഡയിൽ ഉൾപ്പെടുത്തിയിരുന്ന സംഗീത കോളേജിലെ 17 ലക്ചറർ, ജൂനിയർ ലക്ചറർ തസ്തികകളിലടക്കമുള്ള നിയമനങ്ങളിൽ തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിൽ പരിഗണിക്കാനായി മാറ്റി.

പി.എസ്.സിക്ക് വിട്ട തസ്തികകളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പിൽ ഡ്രൈവർ തസ്തികയിൽ ദിവസക്കൂലിയടിസ്ഥാനത്തിൽ ജോലി നോക്കുന്നയാളും സ്ഥിരപ്പെടുത്തിയവരിൽപ്പെടും.

സ്ഥിരപ്പെടുത്തൽ

കെ.ടി.ഡി.സി: 100

യുവജനക്ഷേമ ബോർഡ്: 37

കോ-ഓപ്പറേറ്റീവ് അക്കാഡമി: 14

ഓയിൽപാം ഇന്ത്യ: 11
കെ.എൽ.ഡി.പി: 5

മണ്ണുത്തി ബയോ ലാബ്: 5

ഉന്നതവിദ്യാ. കൗൺസിൽ: 3

വനിതാ കമ്മിഷൻ: 3

എണ്ണം പറയാതെ സ്ഥിരപ്പെടുത്തൽ

കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽസ്

കണ്ണൂർ ഹാൻഡ് ലൂം ടെക്നോളജീസ്

ഖാദി ക്ഷേമനിധി ബോർഡ് ടൈപ്പിസ്റ്റ്

കേപ്പ് എൻജി. കോളേജ്, പുന്നപ്ര സഹ. ആശുപത്രി

വനവികസന കോർപ്പറേഷൻ

വയനാട് മെഡി.കോളേജിന് 140 തസ്തിക

വയനാട്ടിൽ ആരംഭിക്കുന്ന മെഡിക്കൽ കാേളേജിലേക്കുള്ള 140 എണ്ണം അടക്കമാണ് 261 തസ്തികകൾ സൃഷ്ടിക്കുന്നത്.

ഇവയിൽ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 16 യു.ഡി.സിയും 17 എൽ.ഡി.സിയും ഉൾപ്പെടും.
മലബാർ ദേവസ്വം ബോർഡിൽ 6 എൻട്രി കേഡർ തസ്തികയാണ്.

അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ 60 എണ്ണമുണ്ട്. ഇതിൽ 23 തസ്തികകൾ അസിസ്റ്റന്റിന്റേതാണ്.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ താത്കാലികമായി പ്രവർത്തനം തുടങ്ങുന്ന വയനാട് സർക്കാർ മെഡിക്കൽ കോളേജിനായി സൃഷ്ടിക്കുന്ന 140 തസ്തികകളിൽ

പ്രിൻസിപ്പൽ ഉൾപ്പെടെ 115 അദ്ധ്യാപക തസ്തികകളും 25 അനദ്ധ്യാപക തസ്തികകളുമാണ്. പ്രിൻസിപ്പൽ-1, പ്രൊഫസർ- 6, അസോസിയേറ്റ് പ്രൊഫസർ- 21, അസിസ്റ്റന്റ് പ്രൊഫസർ- 28, സീനിയർ റസിഡന്റ്- 27, ട്യൂട്ടർ അല്ലെങ്കിൽ ജൂനിയർ റസിഡന്റ്- 32 എന്നിങ്ങനെയാണ് അദ്ധ്യാപക തസ്തിക. ജില്ലാ ആശുപത്രിക്ക് സമീപം നിർമ്മിച്ച മൂന്നു നില കെട്ടിടം അദ്ധ്യയനത്തിന് ഉപയോഗിക്കും.

സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ ലാബ് അസിസ്റ്റന്റ്, സി.എ, സർജന്റ്, സ്വീപ്പർ തുടങ്ങിയവയാണ് 25 അനദ്ധ്യാപക തസ്തിക. മെഡിക്കൽ കോളേജിന് കിഫ്ബി വഴി 300കോടി അനുവദിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.