
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരളയിലെ 54 നിയമനങ്ങളും ഭവനനിർമ്മാണ വകുപ്പിന് കീഴിലെ നിർമ്മിതി കേന്ദ്രത്തിലെ 16 താത്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞയാഴ്ചയിലെ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചെങ്കിലും നിയമവകുപ്പിന്റെ അനുമതി തേടേണ്ടതിനാൽ മാറ്റി വച്ചതാണിത്.
നിയമവകുപ്പ് അനുമതി നൽകിയതോടെ, അജൻഡയ്ക്ക് പുറത്തുള്ള ഇനമായാണ് ഇവയെത്തിയത്. മത്സ്യഫെഡിലെയും തീരദേശ വികസന കോർപ്പറേഷനിലെയും സ്ഥിരപ്പെടുത്തൽ ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല. മന്ത്രിമാരിൽ പലരും ജില്ലാതല അദാലത്തുകളിലായിരുന്നതിനാൽ ,ഓൺലൈനായാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്.
പി.എസ്.സിക്ക് വിട്ട വകുപ്പുകളിൽ
സ്ഥിരപ്പെടുത്തൽ വേണ്ടെന്ന് മുഖ്യമന്ത്രി
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പട്ടിക കൈമാറുമ്പോൾ പി.എസ്.സിക്ക് വിട്ട വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഉൾപ്പെടുത്തരുതെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിലേതടക്കമുള്ള സ്ഥിരപ്പെടുത്തൽ ഫയലുകളെത്തുന്ന സ്ഥിതിയായതോടെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്ക് ലഭിക്കേണ്ട നിയമനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ നഷ്ടമാകുന്നുവെന്ന് റാങ്ക് ജേതാക്കൾ ആരോപിക്കുന്നു. പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ നിയമനം നടക്കുന്നില്ലെന്നാരോപിച്ചാണ് റാങ്ക് ജേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി സമര രംഗത്തുള്ളത്. എന്നാൽ, സമരവുമായി ബന്ധപ്പെട്ടതൊന്നും മന്ത്രിസഭയിൽ ചർച്ചയായില്ല.