vld-1

വെള്ളറട: ആദിവാസികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. കുമ്പിച്ചൽ കടവ് പാലം നിർമ്മാണം തുടങ്ങി. നെയ്യാർ റിസർവേയറിലെ ആയിരത്തിലധികം കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ കുമ്പിച്ചൽ കടവിൽ പാലം നിർമ്മിക്കാൻ സംസ്ഥാന സ‌ർക്കാർ ആദ്യ ബഡ്ജറ്റിൽ തന്നെ 15 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ വന പ്രദേശമായതിനാൽ നടപടികൾ പൂർത്തിയാകാൻ ഏറെ വൈകി. ഇന്നലെ കുമ്പിച്ചൽ കടവിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഇതിനിടയിൽ ചില സ്വകാര്യ വ്യക്തികൾ പാലം നിർമ്മാണം തടസപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആദിവാസികൾ ഒന്നടങ്കം പാലത്തിനുവേണ്ടി നിലകൊണ്ടു.

ഇപ്പോൾ കിഫ്ബിയുടെ സഹായത്തോടെ 17 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പി.ഡബ്ള്യു.ഡി ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയ പ്രിപ്പോസൽ പ്രകാരം കുമ്പിച്ചൽ കടവിൽ 18 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം 36.2 മീറ്റർ വീതം അകലത്തിലുള്ള 7 സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്.

287 മീറ്റർ നീളത്തിൽ പൂച്ചമുക്കുമുതൽ ബൗണ്ടർ ജംഗ്ഷൻ വരെയും അപ്രോച്ച് റോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരുവശത്ത് ഫുഡ് ബാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്രോച്ച് റോഡിന്റെ നിർമ്മാണം സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം അമ്പിളി പുത്തൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാലി ജോൺ, അഖില ഷിബു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ നാട്ടുകാരും പങ്കെടുത്തു.