
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം പൊതുജന പരാതി പരിഹാര അദാലത്ത് നാളെ തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ നടക്കും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകൾക്കായി നടക്കുന്ന അദാലത്തിനു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി.എം.തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവർ നേതൃത്വം നൽകും. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിലേയും ഉച്ചയ്ക്കു രണ്ടു മുതൽ 5.30 വരെ തിരുവനന്തപുരം താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അക്ഷയ സെന്ററുകളിലൂടെയും ഓൺലൈനിലൂടെ നേരിട്ടും 3,319 പരാതികളാണ് രണ്ടു താലൂക്കുകളിലുമായി ലഭിച്ചിരിക്കുന്നത്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പാക്കിയവ അദാലത്ത് വേദിയിൽ അതതു വകുപ്പുകളുടെ സ്റ്റാളുകളിൽനിന്ന് പരാതിക്കാരനു നേരിട്ടു നൽകും. സി.എം.ഡി.ആർ.എഫ് അപേക്ഷകളടക്കം മന്ത്രിമാർ നേരിട്ടു തീർപ്പാക്കേണ്ടവയിൽ അപേക്ഷകനെ മന്ത്രിമാർ നേരിൽ കേട്ടു പരാതി പരിഹരിക്കും. അദാലത്ത് വേദിയിലേക്ക് കിടപ്പുരോഗികൾ, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവർ, കുട്ടികൾ തുടങ്ങിയവർ നേരിട്ട് എത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികൾ എത്തിയാൽ മതിയെന്നും കളക്ടർ നവ്ജ്യോത് ഖോസ പറഞ്ഞു.സാന്ത്വന സ്പർശം അദാലത്തിലെ അവസാനത്തെ അദാലത്താണ് നാളെ എസ്.എം.വി സ്‌കൂളിൽ നടക്കുന്നത്.