kiifb

തിരുവനന്തപുരം: 2613.38 കോടി രൂപയുടെ 77 പദ്ധതികൾക്ക് കൂടി ഇന്നലെ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോഡി യോഗങ്ങൾ അനുമതി നൽകി. ഇതോടെ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ ആകെ തുക 63,250.66 കോടി രൂപയായി. ഇതിൽ 43,250.66 കോടി രൂപയുടെ 889 പശ്ചാത്തല വികസന പദ്ധതികളും 20,000 കോടി രൂപയുടെ 6 ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.

ആശുപത്രികളുടെ നവീകരണത്തിനായി 1106.51 കോടിയും പൊതുമരാമത്ത് പ്രവർ‌ത്തനങ്ങൾക്കായി 504.53 കോടിയും വ്യവസായ മേഖലയ്ക്കായി 262.76 കോടിയും 147 സ്‌കൂൾ കെട്ടിടങ്ങൾക്കായി 433.46 കോടിയും കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും തഴവ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നവീകരണത്തിനുമായി 175.12 കോടി രൂപയുമാണ് അംഗീകാരം നൽകിയവയിൽ പ്രധാനം.

തൃശൂർ മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ, പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, തലശേരി ഡബ്ല്യു ആൻഡ് സി, ബേദഡുക്ക, ചേർത്തല, ഇരിട്ടി, നീലേശ്വരം, പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പൊന്നാനി, തിരൂരങ്ങാടി, മംഗൽപാടി താലൂക്ക് ആശുപത്രികൾ, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവയാണ് നവീകരണം നടത്തുന്ന ആശുപത്രികൾ.

മൂവാറ്റുപുഴ ബൈപ്പാസ്, മണ്ണന്തല – പൗഡിക്കോണം റോഡ് രണ്ടാംഘട്ടം, കോടിക്കൽ -കൊളാവിപ്പാലം തീരദേശ ഹൈവേ, പള്ളിത്തുറ തീരദേശ ഹൈവേ, മൈനാഗപ്പള്ളി ആർ.ഒ.ബി, ചെർപ്പുളശേരി ബൈപാസും ടൗൺ നവീകരണവും, കാവിൻമുനമ്പ്, പഴയങ്ങാടി, കരിക്കത്ര, പുളിക്കൽ ആനപ്പെട്ടിബാണം പാലം, ചുഴലി പാലം, മണ്ണാറക്കുണ്ട് പാലം തുടങ്ങിയവയാണ് പൊതുമരാമത്ത് പദ്ധതികളിലുള്ളത്. വൈക്കം, പായം, കാക്കനാട് തിയേറ്റർ സമുച്ചയങ്ങൾക്കായി 42.93 കോടിയും കൂത്തുപറമ്പ്, പത്തനംതിട്ട, പാലക്കാട്, നെടുങ്കണ്ടം, പീരുമേട് കോടതി സമുച്ചയങ്ങൾക്ക് 169.99 കോടി,കാലടി മാർക്കറ്റ് നവീകരണത്തിന് 12.87 കോടി, ആലപ്പുഴ ഓങ്കോളജി പാർക്കിന് 62.76 കോടി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഭൂമി ഏറ്റെടുക്കലിന് 200 കോടി, കാനത്തോട്, പൂനൂർപുഴ ആർ.സി.ബി ജലവിഭവ പദ്ധതികൾക്ക് 52.48 കോടി രൂപയും 17 മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 42.49 കോടി രൂപയും അനുമതി നൽകി.