
വർക്കല: വർക്കല താലൂക്ക് ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് പദവിയിലേക്ക് ഉയർത്തി സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. വർക്കലയിലെ സാധാരണക്കാരുടെ പ്രധാന ആതുരാലയം പരാതികൾക്കും പരാധീനതകൾക്കും നടുവിൽ കഴിയുകയാണ്. താലൂക്ക് ആശുപത്രിക്ക് വേണ്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിൽ നടപടികളുണ്ടാകുന്നില്ല.
പണി പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ ലിഫ്റ്റ് സംവിധാനമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3.91 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 10 ഡയാലിസിസ് യൂണിറ്റുകളോടു കൂടിയ സംവിധാനം സജ്ജമായിട്ടുണ്ട്. രണ്ടാം നിലയിൽ 30 കിടക്കകൾ സജ്ജമാക്കി കിടത്തി ചികിത്സാ സംവിധാനം ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇവിടേക്ക് രോഗികളെ എത്തിക്കണമെങ്കിൽ ലിഫ്റ്റ് അനിവാര്യമാണ്. ഫിഷറീസ് വകുപ്പിന്റെ തീരദേശ വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പാലിയേറ്റീവ് കെട്ടിടത്തിലും ലിഫ്റ്റില്ല.
ആശുപത്രിയുടെ മുൻവശത്തുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടികളായിട്ടുണ്ട്. കിഫ്ബിയുടെ 39 കോടി രൂപ ചെലവഴിച്ച് അഞ്ച് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒ.പി ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് എന്നിവ ഇവിടെ ഉണ്ടാകും. ഇതിന്റെ ശിലാസ്ഥാപനം ഉടനുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.