
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ശമ്പളം കൂട്ടിയതിന് ആനുപാതികമായി കെ.എസ്.ഇ.ബിയിലും ശമ്പളം വർദ്ധിപ്പിച്ചു.ഇതുസംബന്ധിച്ച കരാറിൽ ബോർഡുമായി ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാപ്രതിനിധികൾ ഇന്നലെ ഒപ്പിട്ടു. കുറഞ്ഞ വർദ്ധന 2880രൂപയാണ്. ഓഫീസർമാർക്ക് 2018 ജൂലായ് ഒന്ന് മുതലും ജീവനക്കാർക്ക് 2018 ഓഗസ്റ്റ് ഒന്ന് മുതലും മുൻകാല പ്രാബല്യമുണ്ട്. ഡിസംബർ 2020 വരെയുള്ള കുടിശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. പുതിയ ശമ്പളം മാർച്ചിലെ ശമ്പളത്തിൽ ഏപ്രിലിൽ ലഭിക്കും.
2021 ജനുവരിയിലെയും ഫെബ്രുവരിയിലെയും കുടിശിക പണമായി ലഭിക്കും. ജൂലായ് 2020 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത കുടിശിക പുതിയ ശമ്പളത്തിന്റെ 3 ശതമാനം മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കൂടാതെ സർക്കാർ ജീവനക്കാരുടേതിന് തുല്യമായ വീട്ടുവാടക ബത്തയും 2021 ഏപ്രിലിൽ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തും.
സർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി സേവനകാലാവധിക്കനുസരിച്ച് 0.2 ശതമാനം ഓരോ വർഷത്തിനും പരമാവധി 4000 രൂപ സർവീസ് പേ ലഭിക്കും. ഇതിന് കാലാകാലങ്ങളിലുള്ള ക്ഷാമബത്തലഭിക്കുകയും പെൻഷൻ ആനുകൂല്യത്തിന് കണക്കാക്കുകയും ചെയ്യും.
ശമ്പള സ്‌കെയിൽ അവസാനിച്ച ജീവനക്കാർക്ക് അഞ്ചു സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ് ലഭിക്കും. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ആറാമത്തെ സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റും ലഭിക്കും. ഓഫീസർമാർക്ക് നാലു സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ് തുടർച്ചയായ വർഷങ്ങളിലും രണ്ടെണ്ണം ഒന്നിടവിട്ട വർഷങ്ങളിലും ലഭിക്കും.
ഒാഫീസേഴ്സിന് 40975-116080ൽ നിന്ന് 59100-166400 സ്കെയിലിലേക്കും ജീവനക്കാരുടേത് 17000-57220ൽ നിന്ന് 24400-82400 സ്കെയിലേക്കുമാണ് കൂടിയത്.
ശമ്പള പരിഷ്‌കരണത്തിന് സർക്കാരിൽ നിന്ന് യാതൊരു വിധ സാമ്പത്തിക സഹായവും ലഭിക്കില്ലെന്ന് ചെയർമാൻ എൻ.എസ്.പിള്ള യോഗത്തിൽ പറഞ്ഞു.ആയിരം രൂപയിൽ കൂടുതൽ വരുന്ന കറന്റ് ചാർജ് ക്യാഷ് കൗണ്ടറിൽ എടുക്കാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്‌കരണ കമ്മിറ്റി ചെയർമാൻ കൂടിയായ ഡയറക്ടർ പി. രാജൻ, ജീവനക്കാരുടെ സംഘടനാ നേതാക്കളായ ജയപ്രകാശ് (ജനറൽ സെക്രട്ടറി, വർക്കേഴ്സ് അസോസിയേഷൻ) ഗോപകുമാർ (ജനറൽ സെക്രട്ടറി, വർക്കേഴ്സ് ഫെഡറേഷൻ) ഗിരീഷ് കുളത്തൂർ (ജനറൽ സെക്രട്ടറി, വൈദ്യുതി മസ്ദൂർ സംഘ് ) ഓഫീസർമാരുടെ സംഘടനാ നേതാക്കളായ ജെ.സത്യരാജൻ (പ്രസിഡന്റ് ,ഓഫീസേഴ്സ് അസോസിയേഷൻ) കെ.സുനിൽ (ജനറൽ സെക്രട്ടറി, എൻജിനിയേഴ്സ് അസോസിയേഷൻ) യു.വി.സുരേഷ് (ജനറൽ സെക്രട്ടറി, കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ്) കെ.എസ്.സുനിൽ (ജനറൽ സെക്രട്ടറി, കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ) എന്നിവർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ ശമ്പള വർദ്ധന, തസ്തിക, പഴയ സ്കെയിൽ, പുതിയ സ്കെയിൽ എന്ന ക്രമത്തിൽ.
മസ്ദൂർ 17000-30220, 24400-43600
ലൈൻമാൻ 17500-31585, 25100-45600
സ്വീപ്പർ 18000-32950, 25800-47600
കാഷ്യർ,മീറ്റർറീഡർ 22085-47815, 31800-68900
ഒാവർസിയർ 23895-51305, 34400-73900
ഡ്രൈവർ 25010-53050, 36000-76400
സബ് എൻജിനിയർ 28855-57220, 41600-82400
അസി.എൻജിനിയർ 40975-81630,59100-117400
അസി.എക്സി.എൻജിനിയർ 51305-91645, 73900-131600
എക്സിക്യൂട്ടീവ് എൻജിനയർ 57220-104880, 82400-150400
ചീഫ് എൻജിനിയർ 79250-116080, 11400-166400.