
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം കൊവിഡ് മുക്തനായി. അദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഫെബ്രുവരി 3നാണ് ബിഷപ്പിനെ കൊവിഡ് ബാധിതനായി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്ത ആഴ്ചവരെ അദ്ദേഹം വിശ്രമത്തിലായിരിക്കുമെന്ന് സഹായമെത്രാൻ അറിയിച്ചു.
കൊവിഡിനുശേഷവും ശ്രദ്ധവേണം, അനുഭവം പങ്കുവച്ച് വി.എം.സുധീരൻ
തിരുവനന്തപുരം: കൊവിഡ് മുക്തരായാലും പലവിധ ആരോഗ്യപ്രശ്നങ്ങൾ പിന്നീട് ഉണ്ടാകുമെന്നും തനിക്കും അത്തരം പ്രശ്നങ്ങളുണ്ടായെന്നും വി.എം. സുധീരൻ അനുഭവക്കുറിപ്പിൽ പറഞ്ഞു.
കടുത്ത ക്ഷീണം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, ചുമ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന, എന്നിവയാണുണ്ടാവുക. പരിപൂർണ വിശ്രമവും ബന്ധപ്പെട്ട ചികിത്സയും അനിവാര്യമാണ്. കൊവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ആരോഗ്യവിദഗ്ദ്ധരുടെയും ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്നും സുധീരൻ പറഞ്ഞു.