
തിരുവനന്തപുരം: സംസ്ഥാനത്ത് നല്ല നടപ്പിന് നയം രൂപീകരിക്കും.സാമൂഹ്യനീതി വകുപ്പ് ഇതിനായി തയാറാക്കിയ കരട് നയം മന്ത്രിസഭായോഗം അംഗീകരിച്ചു.
ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചെയ്തവരെയും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടവരെയും സമൂഹത്തിനുതകുന്നവരാക്കി മാറ്റുന്ന സാമൂഹ്യ ചികിത്സാ സമ്പ്രദായമാണ് നല്ല നടപ്പ് അഥവാ പ്രബേഷൻ. പത്ത് പ്രധാന സാമൂഹ്യ പ്രതിരോധ മേഖലകളാണ് നയത്തിലുള്ളത്. നല്ല നടപ്പ് ജാമ്യം അഥവാ പ്രബേഷൻ, ജയിലിൽ നിന്നും ബോസ്റ്റൽ സ്കൂളിൽ നിന്നും അവധിയിലിറങ്ങുന്നവരുടെ മേൽനോട്ടവും കുടുംബ സാമൂഹ്യ പുന:സംയോജനവും, അകാല വിടുതൽ നേടി പുറത്തിറങ്ങുന്നവരുടെ നല്ല നടപ്പ്, കുറ്റകൃത്യത്തിനിരയാവുന്നവർ, ആദ്യ കുറ്റാരോപിതരും സ്ത്രീ കുറ്റാരോപിതരും, ശിക്ഷ സാമൂഹ്യസേവനമായി നൽകൽ തുടങ്ങിയവയാണ് സാമൂഹ്യ പ്രതിരോധ മേഖലകളിൽ പ്രധാനം. രാജ്യത്താദ്യമായി നല്ല നടപ്പ് നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് കേരളം.
നിയമ, പൊലീസ് , ജയിൽ , ആരോഗ്യ , സാമൂഹ്യനീതി വകുപ്പുകൾ,, പ്രോസിക്യൂഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ സർക്കാർ- ഉദ്യോഗസ്ഥ തലങ്ങളിൽ വിശദ ചർച്ചകളും ശില്പശാലകളും നടത്തിയാണ് നയത്തിന് അന്തിമരൂപം നൽകിയതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 മുതൽ ചരമദിനമായ ഡിസംബർ നാല് വരെ നല്ല നടപ്പ് വാരമായി 2019 മുതൽ സംസ്ഥാനത്ത് ആചരിക്കുന്നു.