
തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിലെ വിവിധ അനദ്ധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഓഫീസ് അറ്റൻഡന്റ്, യൂണിവേഴ്സിറ്റി ലൈബ്രേറിയൻ, പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), യൂണിവേഴ്സിറ്റി എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), ഓവർസീയർ ഗ്രേഡ് 2 (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, പബ്ലിക് റിലേഷൻസ് ഓഫീസർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ (എൻ.എസ്.എസ്.), സെക്യൂരിറ്റി ഓഫീസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ), ബസ് കണ്ടക്ടർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നീ 16 തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. അനദ്ധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത, വയസ്സ്, ശമ്പള സ്‌കെയിൽ, നിയമനരീതി എന്നിവ നിർണയിച്ച് ഇക്കഴിഞ്ഞ നവംബർ 11 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെത്തുടർന്നാണ് കമ്മിഷന്റെ തീരുമാനം ഉണ്ടായത്. സർവകലാശാലകളിലെ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിൽ നിലവിൽ പി.എസ്.സി നിയമന ശുപാർശ നടക്കുകയാണ്.
അഭിമുഖം നടത്തും
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി ജൂനിയർ മാത്തമാറ്റിക്സ് (ഒന്നാം എൻ.സി.എ. -എസ്.സി.സി.സി) (കാറ്റഗറി നമ്പർ 436/19), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (രണ്ടാം എൻ.സി.എ.- എസ്.സി.സി.സി) (കാറ്റഗറി നമ്പർ 159/20), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രൊഡക്ടീവ് മെഡിസിൻ (കാറ്റഗറി നമ്പർ 13/20) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.