
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിന് സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ കുട്ടികൾക്കായി നിരന്തര വിലയിരുത്തൽ, സമഗ്ര വിലയിരുത്തൽ എന്നിവ വർക്ക്ഷീറ്റുകളുടെ അടിസ്ഥാനത്തിൽ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യൂ.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. .
ക്ലാസ് തലത്തിലും സ്കൂൾ തലത്തിലുമുള്ള എല്ലാ പി.ടി.എ യോഗങ്ങളും ഓൺലൈനായി വിളിച്ചു ചേർക്കണം.10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് പരിശോധിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും മാർച്ച് 10ന് സ്കൂളിലെത്താൻ അനുവദിക്കും. ശേഷം പൊതുപരീക്ഷയ്ക്ക് എത്തിയാൽ മതി. ഫോക്കസ് ഏരിയ സംബന്ധിച്ച് പ്രധാന വിഷയങ്ങളിലെ വർക്ക്‌ഷീറ്റുകൾ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകും. ഈ വർഷം ഡിജിറ്റൽ ക്ലാസുകൾ മാത്രം നടന്നതുകൊണ്ട് കുട്ടികൾക്ക് അടുത്ത തലത്തിലേക്കുള്ള പാഠങ്ങൾ സുഗമമാക്കുന്നതിന് മേയ് മാസത്തിൽ ബ്രിഡ്ജ് കോഴ്സുകൾ നടത്തുന്നത് പരിഗണനയിലാണ്. അദ്ധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി സംബന്ധമായ പരാതികൾ പരിഹരിക്കാനും, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കാനും തീരുമാനിച്ചു.
ഓൺലൈനായി നടന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, അഡീഷണൽ ഡയറക്ടർമാരായ സി.എ. സന്തോഷ്, എം.കെ. ഷൈൻമോൻ, സമഗ്രശിക്ഷാ കേരളയിലെ കെ.സുരേഷ്‌കുമാർ, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, വി.കെ.അജിത്‌കുമാർ, എൻ.ശ്രീകുമാർ, ടി.അനൂപ്‌കുമാർ, എം.കെ.ബിജു, എം.തമിമുദീൻ, ഹരീഷ് കടവത്തൂർ എന്നിവർ പങ്കെടുത്തു.