
തിരുവനന്തപുരം: എൻ.സി.പി ഔദ്യോഗികമായി ഇടതുമുന്നണിയിൽ തന്നെയെന്ന് വ്യക്തമാക്കി, യു.ഡി.എഫിനൊപ്പം പോയ മാണി സി.കാപ്പൻ എം.എൽ.എയെ പാർട്ടിയിൽ നിന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ പുറത്താക്കി. പുതിയ പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച കാപ്പൻ അനുകൂലികൾ, 14 ജില്ലാ കമ്മിറ്റികളും അടിയന്തരമായി പുന:സംഘടിപ്പിക്കുമെന്ന് അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പവാറിന്റെ നടപടിയെന്ന് എൻ.സി.പി ദേശീയ ജനറൽസെക്രട്ടറി എസ്.ആർ. കോലി ഡൽഹിയിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പാലാ സീറ്റിനെച്ചൊല്ലി ഇടഞ്ഞുനിന്നിരുന്ന കാപ്പന്റെ നേതൃത്വത്തിൽ എൻ.സി.പി കേരള ഘടകത്തിലെ ഒരു വിഭാഗം നേതാക്കൾ രണ്ട് ദിവസം മുമ്പാണ് ഇടതുമുന്നണി വിട്ടത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് മാണി സി.കാപ്പൻ ഇടതുമുന്നണി വിടുന്നതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ പാലായിൽ കാപ്പന്റെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവിന്റെ യാത്രയെ വരവേറ്റത് യു.ഡി.എഫ്പ്രചരണായുധവുമാക്കി.
സംസ്ഥാന ട്രഷറർ ബാബു കാർത്തികേയൻ ഉൾപ്പെടെ പത്ത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി കാട്ടി എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരന് കത്ത് നൽകി. പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ച് തീരുമാനിക്കാൻ മാണി സി.കാപ്പൻ ചെയർമാനും ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ പാലായിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി. 22ന് തിരുവനന്തപുരത്ത് ഇവർ യോഗം ചേരും.
അതേസമയം, എൻ.സി.പി വിട്ട് യു.ഡി.എഫിനൊപ്പം ചേർന്ന മാണി സി.കാപ്പൻ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിലായെങ്കിലും, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2005ൽ കൂറുമാറ്റ നിരോധന നിയമത്തിൽ ഭേദഗതി വന്നതോടെ, നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് പേർക്ക് മറ്റൊരു പാർട്ടിയിൽ ലയിക്കാം. ഇല്ലാതെ പിളർപ്പ് അംഗീകരിക്കുന്നില്ല. രണ്ടംഗങ്ങളുള്ള നിയമസഭാകക്ഷിയിൽ നിന്ന് ഒരാൾ മാറിപ്പോകുന്നതിന് നിയമം അംഗീകാരം നൽകുന്നുമില്ല. അതുകൊണ്ട് കാപ്പന്റെ കാര്യത്തിൽ അയോഗ്യതയ്ക്ക് മറ്റൊന്നും വേണ്ട. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ, ഇടതുമുന്നണി ഇത് ആയുധമാക്കാനിടയില്ല.