
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ-ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ അന്തരമുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ-ഫോണിലൂടെ നടത്തുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത സേവനം കേരള ജനതയുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ സർക്കാർ സംവിധാനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ, മറ്റു ഇ-സർവീസുകൾ എന്നിവയ്ക്ക് കൂടുതൽ ബാൻഡ്‌വിഡ്ത് നൽകി ക്ഷമത വർധിപ്പിക്കാനാവും. ഉയർന്ന നിലവാരത്തിലുള്ള നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനും സാധിക്കും. ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ കണക്ടിവിറ്റി ലഭിക്കുന്നത്. ഐ.ടി ഹബ് ആയും നോളജ് എക്കണോമിയായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ശക്തമായ അടിത്തറയാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ-ഫോൺ
കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണ് കെ-ഫോൺ. കേബിൾ ഇടുകയും അത് പരിപാലിക്കുകയും മാത്രമാണ് സർക്കാരിന്റെ ദൗത്യം. അതുവഴി ഇന്റർനെറ്റ് എത്തിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സേവനദാതാക്കളായിരിക്കും.
നിയന്ത്രണം കെ.എസ്.ഇ.ബിക്ക്
കെ.എസ്.ഇ.ബിയും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം.
വീടുകളിലേക്ക് ഉടനില്ല
തുടക്കത്തിൽ സർക്കാർ ഓഫീസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ശൃംഖലയെത്തുക. കമ്പനികൾക്ക് കെ-ഫോൺ വഴി സ്വന്തമായി ഇൻട്രാനെറ്റ് ശൃംഖല വികസിപ്പിക്കാൻ അവസരമുണ്ടാകും.
പ്രധാനനേട്ടം പാവപ്പെട്ടവർക്ക്
കെ-ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾ നൽകേണ്ട വാടകയിൽ നിന്നും പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ചെലവ് കണ്ടെത്താനാണ് തീരുമാനം.
ചെലവ് 15000 കോടി രൂപ
സർക്കാർ ഒാഫീസുകളുടെ എണ്ണം 30000
നിലവിൽ ഇന്റർനെറ്റുള്ളത് 3800 മാത്രം