
പെരുമ്പാവൂർ: പെരുമ്പാവൂർ സ്വദേശിയായ കെ.ഐ എബിന്റെ ഇഷ്ട വിനോദമാണ് സഞ്ചാരം. കഴിഞ്ഞ പതിനൊന്നു വർഷമായി നിരന്തരമായി യാത്ര ചെയ്ത് ഇന്ത്യയിലെ 280ൽ പരം സ്ഥലങ്ങൾ സന്ദർശിച്ചു കഴിഞ്ഞ എബിന് ടിക്കറ്റ് ശേഖരവും ഒരു കൗതുകമാണ്.
യാത്ര പോയപ്പോൾ കിട്ടിയ ടിക്കറ്റുകൾ ശേഖരിക്കുന്ന ശീലം തുടക്കം മുതലേ ഉണ്ട്. കെ.എസ്.ആർ.ടി.സി ബസിലെ പഴയ കളർ പേപ്പർ ടിക്കറ്റുകൾ, ഇന്ത്യൻ റെയിൽവേയുടെ കാർഡ് ബോർഡ് ടിക്കറ്റുകൾ, കൊൽക്കത്തയിലെ ട്രാംവേയുടെ ടിക്കറ്റുകൾ എല്ലാം വീട്ടിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
സന്ദർശിച്ച ആർകിയോളോജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ സ്മാരകങ്ങളിലെ പഴയ പേപ്പർ ഫോട്ടോ ടിക്കറ്റുകളും കൈവശമുണ്ട്. വിവിധ ഇന്ത്യൻ നഗരങ്ങളിലെ മെട്രോ ട്രെയിൻ ട്രാവൽ കാർഡുകൾ, വിമാന യാത്രയുടെ ബോർഡിംഗ് പാസുകൾ മുതലായവയും സൂക്ഷിച്ചിട്ടുണ്ട്.
എന്തിനാണ് ഇത് സൂക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ എബിന്റെ മറുപടി ഇതാണ്. ഓരോ യാത്രയുടെയും ഓർമ്മകളുമായി ബന്ധിപ്പിക്കുന്നതാണ് ടിക്കറ്റുകൾ. ഇന്ന് പേപ്പർ ടിക്കറ്റുകൾക്ക് പകരം എല്ലായിടത്തും ഇ -ടിക്കറ്റുകൾ വന്നിരിക്കുന്നു. ഇ -ടിക്കറ്റുകളിലെ മഷി പെട്ടെന്ന് മാഞ്ഞു പോകുന്നതു കൊണ്ട് അത് സൂക്ഷിച്ചു വെക്കാൻ സാധിക്കില്ല.
ട്രെയിൻ മാർഗമാണ് എബിൻ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സന്ദർശിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ഇപ്പോഴും റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ പോയാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. ട്രെയിൻ യാത്രയുടെ കമ്പ്യൂട്ടർ ടിക്കറ്റുകളും സൂക്ഷിക്കുന്നുണ്ട്.
വിനോദസഞ്ചാരത്തെ ഏറെ സ്‌നേഹിക്കുന്ന എബിൻ ടൂറിസവുമായി ബന്ധപെട്ടു 300ൽ പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിലെ അദ്ധ്യാപകൻ കൂടി ആണ് എബിൻ.