
തന്റെ കുഞ്ഞിന് വേണ്ടി ഒരമ്മയ്ക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് ഹിർക്കനി എന്ന പാൽവില്പനക്കാരിയുടെ കഥ. മറാത്ത സാമ്രാജ്യത്തിന്റെ വീരനായകനായ ഛത്രപതി ശിവജി മഹാരാജാവിനെ പോലും വിസ്മയിപ്പിച്ചതാണ് ഹിർക്കനിയുടെ ധീരത. ഹിർക്കനിയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച ശിവജി അവരുടെ പേരിൽ ഒരു മതിൽ തന്നെ പണിതു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റായ്ഗഡ് കോട്ടയുടെ ഇടനാഴികളിൽ ഇന്നും ഹിർക്കനി എന്ന അമ്മ തന്റെ കുഞ്ഞിനുവേണ്ടി നടത്തിയ സാഹസികത പ്രതിദ്ധ്വനിക്കുന്നു.
റായ്ഗഡ് കോട്ട
1674ൽ, ഛത്രപതി ശിവജി മഹാരാജാവ് വിശാലമായ റായ്ഗഡ് കോട്ട പിടിച്ചെടുത്ത് തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ചുറ്റും കൂറ്റൻ മതിലുകളോടെയുള്ള കോട്ട പശ്ചിമഘട്ടത്തിലെ ഒരു പർവതത്തിന് മുകളിലാണ് സ്ഥിതി ചെയ്തിരുന്നത്. പുറത്തുനിന്ന് ആർക്കും കോട്ടയിലേക്ക് അതിക്രമിച്ച് കയറാനാകില്ല. പർവതത്തിന്റെ താഴ്‌വരയിൽ ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു. കോട്ടയിൽ താമസിക്കുന്നവർക്കുള്ള ദൈനംദിന ഉത്പന്നങ്ങൾ വിറ്റു ജീവിക്കുന്നവരായിരുന്നു ആ ഗ്രാമീണർ. പർവതത്തിലൂടെ കാൽനടയായി കോട്ടയുടെ പ്രധാന വാതിലിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. പ്രഭാതത്തിൽ തുറക്കുന്ന ഈ പ്രധാന കവാടം സന്ധ്യയാകുമ്പോൾ അടയ്ക്കും. അടച്ചു കഴിഞ്ഞാൽ അടുത്ത ദിവസം പ്രഭാതത്തിലല്ലാതെ ഈ കവാടം തുറക്കുകയില്ല.
ആരാണ് ഹിർക്കനി ?
പർവതത്തിന്റെ താഴ്‌വരയിലെ ഗ്രാമത്തിലാണ് ഹിർക്കനിയും കുടുംബവും താമസിച്ചിരുന്നത്. പാൽ വില്പനയായിരുന്നു ഹിർക്കനിയുടെ തൊഴിൽ. എല്ലാവരെയും പോലെ കോട്ടയിൽ വില്പന നടത്തുന്നതിന് രാവിലെ തന്നെ കോട്ടയുടെ കവാട വാതിലിലേക്ക് ഹിർക്കനിയുമെത്തും. സന്ധ്യ മയങ്ങുന്നതിന് മുമ്പ് മടങ്ങി പോവുകയും ചെയ്യും. എന്നാൽ, ഒരു ദിവസം ആ പതിവ് തെറ്റി. കോട്ടയിൽ നിന്ന് പുറത്തുകടക്കാൻ ഹിർക്കനി വൈകി.
പുറത്തേക്ക് കടക്കാനായി കവാടത്തിനടുത്തേക്ക് ഹിർക്കനി ഓടിയെത്തിയെങ്കിലും സൂര്യനസ്തമിച്ചതോടെ കാവൽക്കാർ കവാടം അടച്ചു പൂട്ടി. ഇതോടെ ഹിർക്കനി ആകെ ധർമ്മസങ്കടത്തിലായി. തനിക്ക് എങ്ങനെയെങ്കിലും പുറത്ത് കടന്നേ പറ്റൂ. കാരണം തന്റെ കൈക്കുഞ്ഞ് വീട്ടിൽ തനിച്ചാണ്. പ്രായമായ അമ്മായി മാത്രമാണ് വീട്ടിലുള്ളത്. അവർക്ക് കുഞ്ഞിന്റെ കരച്ചിലടക്കാൻ കഴിഞ്ഞേക്കില്ല. തനിക്ക് കവാടം തുറന്ന് നൽകണമെന്നും വീട്ടിൽ കുഞ്ഞ് ഒറ്റയ്ക്കാണെന്നും പറഞ്ഞ് ഹിർക്കനി കാവൽ ഭടൻമാരോട് യാചിച്ചു.
എന്നാൽ, ഭടൻമാർക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. കാരണം, അടച്ച വാതിൽ രാവിലെ അല്ലാതെ തുറക്കാൻ പാടില്ല എന്നത് ഛത്രപതിയുടെ ആജ്ഞയാണ്.
അസാമാന്യ ധൈര്യം
എന്നാൽ, ഹിർക്കനി പിന്തിരിഞ്ഞില്ല. ഹിർക്കനിയുടെ മനസ് നിറയെ വിശന്നുകരയുന്ന തന്റെ കുഞ്ഞിന്റെ മുഖമായിരുന്നു. എങ്ങനെയെങ്കിലും കോട്ടയ്ക്ക് പുറത്ത് കടക്കണം. ഹിർക്കനി അങ്ങനെ ഒരിക്കൽ പോലും തന്റെ ജീവിതത്തിൽ ശ്രമിച്ചിട്ടില്ലാത്ത ഒരു സാഹസത്തിന് മുതിർന്നു. കോട്ടയുടെ ഒരു ഭാഗത്ത് ചുറ്റമതിലില്ലാത്ത ചെങ്കുത്തായ ചരിവിൽ നിന്ന് താഴേക്ക് ഹിർക്കനി നോക്കി. ആരും ഭയപ്പെട്ടു പോകും. അത്രയ്ക്കും ഭീകരമായിരുന്നു ആ പർവതച്ചെരിവ്. പോരാത്തതിന് കൂരാകൂരിരുട്ട്.
കോട്ടയുടെ അതിരുകളിലൂടെ അതിസാഹസികമായി നടന്നുനീങ്ങിയ ഹിർക്കനി ചെങ്കുത്തായ പർവത ചെരിവിലൂടെ താഴേക്കിറങ്ങാൻ ശ്രമിച്ചു. അപകടങ്ങളെ വകവയ്ക്കാതെ പർവതത്തിലെ ചെടികളിലും മരക്കമ്പുകളിലും പിടിച്ച് ഊഴ്ന്ന് താഴേക്കിറങ്ങി. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സാഹസികമായി ഇറങ്ങുന്നതിനിടെ ഹിർക്കനിയ്ക്ക് മുറിവുകളേൽക്കുകയും ചോര ഒഴുകുകയും ചെയ്തു. എന്നാൽ, ഹിർക്കനി അതൊന്നും വകവച്ചതേയില്ല. തന്റെ കുഞ്ഞിന്റെ അടുത്ത് ഓടിയെത്തുക എന്നത് മാത്രം ആലോചിച്ച് തുനിഞ്ഞിറങ്ങിയ ഹിർക്കനി തന്റെ ദൗത്യം അത്ഭുതകരമായി പൂർത്തിയാക്കി. തന്നെ കാണാതെ കരഞ്ഞുക്കൊണ്ടിരുന്ന കുഞ്ഞിന്റെ അടുത്തേക്ക് ഓടിയെത്താൻ ആ അമ്മയ്ക്ക് കഴിയുകയും ചെയ്തു.
മാതൃസ്നേഹത്തിന്റെ പ്രതീകം
സംഘർഷഭരിതമായ ആ രാത്രി അവസാനിച്ചു. പിറ്റേന്ന് രാവിലെ പതിവ് പോലെ ഹിർക്കനി പാൽ വില്പനയ്ക്കായി റായ്ഗഡ് കോട്ടയുടെ കവാടത്തിലെത്തി. എന്നാൽ, ഹിർക്കനിയെ കണ്ട ഭടൻമാർ ഞെട്ടി. ഹിർക്കനി എങ്ങനെ പുറത്തുകടന്നു എന്നാലോചിച്ച് ഭടൻമാർ ആശ്ചര്യപ്പെട്ടു. നിയമലംഘനം നടത്തിയെന്ന് കാട്ടി ഹിർക്കനിയെ അവർ ഉടൻ തന്നെ ഛത്രപതി ശിവജിയുടെ മുന്നിൽ ഹാജരാക്കി. ഹിർക്കനി ഛത്രപതിയ്ക്ക് മുന്നിൽ നടന്നതെല്ലാം തുറന്നുപറഞ്ഞു. ഹിർക്കനിയുടെ മുഖത്തും കൈകളിലും മുറിവുകളും കാണാമായിരുന്നു.
എല്ലാം കേട്ട ഛത്രപതി ശിക്ഷിയ്ക്കുന്നതിന് പകരം ഹിർക്കനിയെ അഭിനന്ദിച്ചു. തന്റെ കുഞ്ഞിനുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തിയ ഹിർക്കനിയുടെ മാതൃസ്നേഹത്തെയും ധൈര്യത്തെയും അദ്ദേഹം വാഴ്ത്തി. കോട്ടയുടെ സുരക്ഷിതമല്ലാത്ത കുത്തനെയുള്ള ചെരിവിൽ പുതിയ മതിൽ നിർമ്മിക്കാൻ ഉത്തരവിട്ട ഛത്രപതി ശിവജി, അതിന് ഹിർക്കനിയുടെ പേര് നൽകുകയും ചെയ്തു. കുത്തനെയുള്ള ഈ കോട്ടമതിൽ ഇന്നും റായ്ഗഡിൽ കാണാം. 'ഹിർക്കനി ബുറുജ് ' എന്നാണ് ഇതറിയപ്പെടുന്നത്. ഹിർക്കനിയുടെ ധീരതയും ഇതോടൊപ്പം ഇന്നും ജീവിക്കുന്നു. ഛത്രപതി ശിവജി മഹാരാജാവ് അന്ത്യവിശ്രമം കൊള്ളുന്നതും റായ്ഗഡ് കോട്ടയിലാണ്.