
കേന്ദ്രം എക്‌സൈസ് നികുതിയോ സംസ്ഥാനം വാറ്റോ കുറയ്ക്കാതെ ഇന്ധനവില താഴില്ല
തിരുവനന്തപുരം: പൊതുജനത്തെ വറുതിയിലാക്കി അനുദിനം റെക്കാഡ് തിരുത്തിക്കുതിക്കുന്ന ഇന്ധനവില താഴേക്കിറങ്ങണമെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കനിയണം. അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കൂടുന്നതിന് ആനുപാതികമായാണ് ഇന്ത്യയിൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ, എൽ.പി.ജി വിലകളും കൂട്ടുന്നത്.
ഇന്ത്യ വാങ്ങുന്ന (ഇന്ത്യൻ ബാസ്‌കറ്റ്) ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിലിൽ 17 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് രാജ്യാന്തരതലത്തിൽ ഡിമാൻഡ് ഏറിയതിനാൽ വില പിന്നീട് തിരിച്ചുകയറി. ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ സൗദിയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിൽ ഒപെക് പ്ളസ് (ഒപെക് ഇതര) രാജ്യങ്ങളും തീരുമാനിച്ചതും എണ്ണവിലയ്ക്ക് കുതിപ്പേകുന്നു.
ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ഇന്നലെയുള്ളത് ബാരലിന് 60.49 ഡോളറിലാണ്. ബ്രെന്റ് ക്രൂഡ് പൊതു വിപണിവില 63 ഡോളറും. വില വൈകാതെ 65 ഡോളറിനുമേൽ എത്തുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇനിയും ഉയരും. പെട്രോൾ വില 100 രൂപ കടന്നും മുന്നേറ്റം തുടരും.
നികുതി ഇളവ്
മാത്രം പോംവഴി
കേന്ദ്രം എക്‌സൈസ് നികുതിയും സംസ്ഥാനസർക്കാർ വില്പന നികുതിയും (വാറ്റ്) കുറച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഇന്ധനവിലയിൽ സാധാരണക്കാർക്ക് ആശ്വാസമേകാനാകൂ. കേന്ദ്രത്തേക്കാൾ സംസ്ഥാനങ്ങൾക്കാണ് നികുതി കൂടുതൽ ലഭിക്കുന്നത്. കേന്ദ്രം പിരിക്കുന്ന എക്‌സൈസ് നികുതിയിൽ 42 ശതമാനവും സംസ്ഥാനങ്ങൾക്ക് തന്നെയാണ് കൊടുക്കുന്നത്. ഇതിനു പുറമേയാണ് സംസ്ഥാനങ്ങളുടെ വാറ്റ്. കേരളത്തിൽ വാറ്റിന് പുറമേ സെസുമുണ്ട്.
കേരളം, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതിനാലും പലയിടത്തും ബി.ജെ.പി വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുന്നതിനാലും തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് നികുതി കുറയ്ക്കാൻ സാദ്ധ്യതയുണ്ട്. പെട്രോളിനും ഡീസലിനും പുറമേ എൽ.പി.ജി വിലയും കുത്തനെ കൂട്ടിയതിനെതിരെ പലയിടങ്ങളിലും ജനരോഷം ഉയരുന്നതും കേന്ദ്രം പരിഗണിച്ചേക്കും.
കേരളത്തിൽ പെട്രോളിന് വില്പനനികുതി 30.08 ശതമാനം.
ഡീസലിന് നികുതി 22.76 ശതമാനം.
പുറമേ ഇവയ്ക്ക് ഒരു രൂപ അഡിഷണൽ വില്പന നികുതി, ഒരു ശതമാനം സെസ് എന്നിവയുമുണ്ട്.
സെഞ്ച്വറിയടിച്ച്
പെട്രോൾ!
രാജ്യത്തെ പല ഉൾനാടൻ പ്രദേശങ്ങളിലും പ്രീമിയം പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. സാധാരണ പെട്രോൾ വിലയും 'സെഞ്ച്വറി"യോട് അടുത്തുകഴിഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്നലെ വില 99.99 രൂപയായിരുന്നു.