
കല്ലമ്പലം: സമഗ്ര ശിക്ഷാ കേരളയുടെ ശിശു സൗഹൃദ പ്രീ സ്കൂൾ പദ്ധതിയായ താലോലത്തിന്റെ ഭാഗമായി ലീഡ് സ്കൂളായി തിരഞ്ഞെടുത്ത പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിന് കളി വീടൊരുങ്ങി. പള്ളിക്കൽ സ്വദേശിയായ ബിജുവാണ് പ്രവർത്തനങ്ങൾക്ക് പിന്നിൽ.
കുട്ടികളുടെ നൈസർഗിക വാസന ഉണർത്താനായി വായനമൂല, അഭിനയമൂല, വരമൂല, സംഗീതമൂല, ശാസ്ത്ര മൂല, ഗണിതമൂല, നിർമാണ മൂല എന്നീ ആക്ടിവിറ്റി കോർണറുകളും 'കളിവീട്' എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളും, കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായ സൂപ്പർമാൻ, ചോട്ടാ ഭീം തുടങ്ങിയ വിവിധ കാർട്ടൂൺ കഥാപാത്രങ്ങൾ ആലേഖനം ചെയ്ത ഇരിപ്പിടങ്ങളും ഐ.ടി അധിഷ്ഠിതമായ ശിശു സൗഹൃദ പഠനവുമൊരുക്കി അന്താരാഷ്‌ട്ര നിലവാരത്തിലാണ് കളിവീടിന്റെ നിർമാണം. ബി.ആർ.സിയുടെ സഹായത്തിന് പുറമെ പൂർവവിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തതോടെയാണ് കെട്ടിടം പൂർത്തിയായത്. സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ശിശു സൗഹൃദ പ്രീ സ്കൂൾ പ്രഖ്യാപനം ഇന്ന് രാവിലെ 10.30ന് അഡ്വ. വി. ജോയി എം.എൽ.എ നിർവഹിക്കും.