
1812ൽ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സൈന്യം റഷ്യയുമായി നടത്തിയ യുദ്ധത്തിനിടെ കൊല്ലപ്പെട്ട റഷ്യൻ, ഫ്രഞ്ച് സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ 200 വർഷങ്ങൾക്ക് ശേഷം ബഹുമതികളോടെ സംസ്കരിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന അപൂർവ ചടങ്ങായിരുന്നു ഇത്. 19ാം നൂറ്റാണ്ടിൽ ഫ്രഞ്ച്, റഷ്യൻ സൈന്യങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരുടെ തലമുറയിൽപ്പെട്ടവരെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം റഷ്യൻ നഗരമായ വ്യാസ്മയിലെ സെമിത്തേരിയിൽ വച്ച് 126 സൈനികരുടെ മൃതദേഹാവശിഷ്ടങ്ങളാണ് സംസ്കരിച്ചത്.
മൈനസ് 15 ഡിഗ്രി സെൽഷ്യസ് താപനിലയിലായിരുന്ന വ്യാസ്മയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും പരിപാടിയ്ക്ക് യാതൊരു തടസവുമുണ്ടായില്ല. 2019ൽ ഫ്രഞ്ച് - റഷ്യൻ സംയുക്ത ആർക്കിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ഖനനത്തിനിടെയാണ് സൈനികരുടെ അസ്ഥികൾ കണ്ടെത്തിയത്. 1812 നവംബർ മൂന്നിനാണ് നെപ്പോളിയന്റെ സേന വ്യാസ്മയിൽ റഷ്യൻ സേനയുമായി ഏറ്റുമുട്ടിയത്.
കൺസ്ട്രക്ഷൻ ജോലികൾക്കിടെയാണ് വ്യാസ്മയിൽ ആദ്യമായി മനുഷ്യന്റെ അസ്ഥികൾ ശ്രദ്ധയിൽപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് മരണമടഞ്ഞവരുടെ കൂട്ടശവക്കുഴിയാകാമിതെന്നാണ് ആദ്യം കരുതിയതെങ്കിലും ഫ്രഞ്ച് - റഷ്യൻ സൈനികരുടെ മൃതദേഹാവശിഷ്ടങ്ങളാണെന്ന് പിന്നീട് ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരുടെയും പ്രായം 40ൽ താഴെയാണ്.