kerala

തിരുവനന്തപുരം: കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കഴിയുന്ന അദ്ധ്യാപകരെ പരീക്ഷാ ഭവൻ നെട്ടോട്ടമോടിക്കുന്നെന്ന് പരാതി. എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ തയാറെടുക്കുന്ന കുട്ടികളുടെ പ്രൊവിഷണൽ ലിസ്റ്റിലെ ചെറിയ അപാകതകൾ തിരുത്താൻ അദ്ധ്യാപകരെ പരീക്ഷാഭവനിലേക്ക് വിളിച്ചു വരുത്തുകയാണ്. ഓൺലൈനായി തിരുത്താവുന്ന ചെറിയ അപാകതകൾക്കാണ് അദ്ധ്യാപകരെ വിളിച്ചുവരുത്തുന്നത്. പ്രഥമാദ്ധ്യാപകർ നേരിട്ടെത്തിയാലെ തിരുത്തൽ വരുത്തുകയുള്ളൂവെന്ന പരീക്ഷാഭവന്റെ ശാഠ്യം കേരളത്തിന്റെ വടക്കേ അറ്റം മുതലുള്ള വലിയൊരു വിഭാഗം അദ്ധ്യാപകരെ വിഷമത്തിലാക്കിയിരിക്കുകയാണ്. തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ പരീക്ഷ എഴുതുന്ന കുട്ടികളെ അത് ബാധിക്കുമോ എന്നും ആശങ്കയുണ്ട്. പ്രൊവിഷണൽ ലിസ്റ്റിലെ കാൻഡിഡേറ്റ് ടൈപ്പ് എസ്.ജി.സിക്ക് പകരം എ.ആർ.സി ആയത് തിരുത്തണമെന്നാണ് ഒരാവശ്യം. കൊവിഡ് സാഹചര്യത്തിൽ അകലെനിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള കാര്യം അദ്ധ്യാപക സംഘടനാനേതാവ് മുഖേന ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരീക്ഷാഭവന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ആക്ഷേപമുണ്ട്. തിരുത്തി തരണമെന്ന് കാണിച്ച് അദ്ധ്യാപകർ അപേക്ഷ നൽകിയിട്ടുപോലും അതിന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും ആരോപണമുണ്ട്.

സ്കൂൾ ഗോയിംഗ് പരീക്ഷ എഴുതുന്നവരെയാണ് എ.ആർ.സിയിൽപ്പെടുന്നത്. എസ്.ജി.സി പ്രൈവറ്റായി എഴുതുന്നവരും. സ്കൂൾ ഗോയിംഗ് വിഭാഗത്തിലുളളവരാണ് എസ്.സി.സിയിൽപ്പെട്ടിരിക്കുന്നത്. ഇത് കുട്ടികളുടെ സർട്ടിഫിക്കറ്റിൽ തെറ്റിദ്ധാരണകളുണ്ടാക്കുമെന്നാണ് കുട്ടികളും അദ്ധ്യാപകരും ആശങ്കപ്പെടുന്നത്.