
വേക്കപ്പ് സിദ്ദ്, യേ ജവാനി ഹേ ദീവാനി എന്നീ ചിത്രങ്ങൾക്ക് ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ ബ്രഹ്മാസ്ത്ര ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.
അമിതാഭ് ബച്ചൻ, രൺബീർ കപൂർ, നാഗാർജ്ജുന, ആലിയാഭട്ട്, മൗനി റോയ് എന്നീ വൻ താരനിരയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപാണ്നിർമ്മാതാവ് കരൺ ജോഗർ ഈ മെഗാപ്രോജക്ട് അനൗൺസ് ചെയ്തത്. ആറ് വർഷത്തെ മുന്നൊരുക്കത്തിന് ശേഷം അയാൻ മുഖർജി ഒരുക്കുന്ന ഈ ആക്ഷൻ ഫാന്റസി ചിത്രം മൂന്ന് ഭാഗങ്ങളിലായി ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്നാണ് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ബ്രഹ്മാസ്ത്ര നിർമ്മിക്കുന്നത്. ഹിരൂയഷ് ജോഹർ, രൺബീർ കപൂർ, അയാൻ മുഖർജി, അപൂർവമേത്ത, നമിത് മൽഹോത്ര, മരിജ്കെ ഡിസൂസ എന്നിവർ സഹ നിർമ്മാതാക്കളാണ്. മുന്നൂറ് കോടി ബഡ്ജറ്റിലൊതുങ്ങുന്ന ചിത്രം കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും കൊവിഡ് - 19 മഹാമാരിയുടെ വരവോടെ റിലീസ് മാറ്റുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.