തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെ.എസ്.യു ജില്ലാ കമ്മറ്റി പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ കേശവദാസപുരത്തുനിന്നാരംഭിച്ച മാർച്ച് പി.എസ്.സി ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് നിരത്തിതടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. പിന്നാലെ പൊലീസ് ലാത്തി വീശി. ജില്ലാ സെക്രട്ടറി ആത്തിഫിന് തലയ്‌ക്ക് പരിക്കേറ്റു. ഇതിനിയിൽ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ റീത്ത് സമർപ്പിച്ചു. പൊലീസ് ഇവരെ തടയുന്നതിനിടെ പ്രവർത്തകർക്ക് മർദ്ദനമേറ്റന്നാരോപിച്ച് വീണ്ടും പൊലീസുമായി ബലപ്രയോഗമുണ്ടായി. മതിലിന് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി ഉയർത്തി. തുടർന്ന് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ കൂടുതൽ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

ജില്ലാ പ്രസിഡന്റ് സെയ്‌താലി കായ്പ്പാടി അദ്ധ്യക്ഷനായ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി മനേഷ് രാജ് ഉദ്ഘാടനം ചെയ്‌തു.

ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെയാണ് മാ‌ർച്ച് അക്രമാസക്തമായത്. സംസ്ഥാന ഭാരവാഹികളായ റിങ്കു പടിപ്പുരയിൽ, ടിനു പ്രേം, ബാഹുൽ കൃഷ്ണ, ജില്ലാ ഭാരവാഹികളായ ശരത്ത്, അജിൻദേവ്, അഡ്വ വി.ടി വിഷ്ണു, കൃഷ്ണ കാന്ത്, ഗോപു നെയ്യാർ, അഭിരാമി, സജ്ന ബി. സജൻ ആദേശ് എന്നിവരും സമരത്തിന് നേതൃത്വം നൽകി.